Kottotty.com

Sunday

അമ്മിണിയ്ക്ക് അവാർഡ് പുളിക്കുമോ...?

ഈ വർഷത്തെ സേവനരത്ന അവാർഡിന് തങ്ങളെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് ബസ്റ്റാൻഡ് അമ്മിണി, അടിമാലി വാസു, സർവ്വശ്രീ അയ്യപ്പ ബൈജു തുടങ്ങിയവർ വരുന്ന ഒരാഴ്ചക്കാലത്തേയ്ക്ക് തങ്ങളുടെ സേവനങ്ങൾക്ക് അവധികൊടുക്കാൻ പ്രത്യേകം പ്രത്യേകം തീരുമാനമെടുത്തെന്ന്. ഇങ്ങനെ ഒരു തീരുമാനമെടുത്തത് അൽപ്പം കടന്ന കൈ ആയിപ്പോയെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അതിനു സർവ്വത്ര പിന്തുണകൊടുക്കാനാണ് കുമാരപുരത്തെ പൗരപ്രമുഖൻ കുമാരനുൾപ്പടെയുള്ളവരും തീരുമാനിച്ചതു പോലും.!

സാമൂഹ്യ സേവന രംഗത്തെ വ്യത്യസ്ഥതയുള്ള പരിഷ്കർത്താക്കൾക്ക് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ അവരെ പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ച് ഒരു വിശകലനം നടത്തേണ്ടത് ഉപരിപ്ലവത്തിന്റെ വക്താക്കൾ എന്നനിലയിൽ കുമാരപുരത്തെയും അതിന്റെ പ്രയോക്താക്കൾ എന്നനിലയിൽ മറ്റിടങ്ങളിലേയും സാമാന്യജനസമൂഹമാണ്. കുമാരപുരത്തിനും പുറത്ത് ജീവിച്ചറിയ്ക്കുന്നവരും മൺമറഞ്ഞുപോയവരുമായ സേവനസംഗമങ്ങളെയും കഴിവുതെളിയിച്ച ഇതര അമ്മിണിമാരെയും പ്രസ്തുത അവാർഡിനായി പരിഗണിയ്ക്കാത്തതിൽ നിഗൂഢമായ ലക്ഷ്യം തീർച്ചയായും ഉണ്ടാവും. അതിനെതിരേ പ്രതിഷേധവും സ്വാഭാവികമായും ഉണ്ടാവും.

കുമാരപുരത്തിന്റെ മാത്രമല്ല തൊട്ടയൽപക്കങ്ങളിലേയും സാമൂഹ്യസേവനരംഗത്തെ പ്രമുഖർക്കുമാത്രം നൽകുന്ന ഏറ്റവും വലിയ ബഹുമതിയാ സേവനരത്ന ഈ ദേശത്തിനുമാത്രം അന്യമാകുന്നതിൽ എനിയ്ക്കും നിരാശയുണ്ട്. പകരം എത്ര ചെറുബഹുമതികൾ തിരുകിവച്ചാലും സേവനരത്നയാവില്ലല്ലോ.. ഇപ്പൊ കാലം ചെയ്തവർക്കാണോ കാത്തിരിയ്ക്കുന്നവർക്കാണോ അവാർഡുനൽകേണ്ടതെന്ന തർക്കമാണ് അവാർഡിന്റെ അലങ്കോല പ്രഖ്യാപനത്തിനു കാരണമായി ചൂണ്ടിക്കാണിയ്ക്കപ്പെടുന്നത്. പല ന്യായങ്ങളും ന്യായമില്ലാത്തവർക്കും ഉന്നയിയ്ക്കാൻ കഴിയും.

അമ്മിണിയുൾപ്പടെയുള്ളവർ അവാർഡു കൈപ്പറ്റിയതിനു ശേഷവും തങ്ങളുടെ മഹത്തായ സേവനങ്ങൾ തുടർന്നും നൽകുമെന്നതിന് യാതൊരുറപ്പുമില്ലത്രെ! നേരത്തേ പദ്മയും പാർവ്വതിയുമൊക്കെ കൈപ്പറ്റിയിട്ടുള്ളവർ വിവാദവിലക്കുകളാൽ ഉത്തമരാകുന്നത് കാണാതിരിയ്ക്കാനുമാകുന്നില്ല. അമ്മിണിമാരുടെ സേവനമേഖലകൾകൂടി അവാർഡിനായുള്ള തെരഞ്ഞടുപ്പിനു  പരിഗണിച്ചതു നല്ല കാര്യമാണെങ്കിലും ഇത്തരം അവാർഡുകൾ ആർക്ക് എങ്ങനെ കൃത്യമായി അർഹർക്കുതന്നെയെത്താം എന്നത് കുറച്ചുകൂടി ഗൗരവപൂർണ്ണമാക്കുന്നതു നല്ലതുതന്നെയാണ്. റിയൽ ഹീറോസിനുമാത്രം തിലകരത്ന നൽകിയാൽമതിയെന്ന് തീരുമാനിച്ചാൽത്തന്നെ അമ്മിണിയും അയ്യപ്പബൈജുവും വാസുവുമെല്ലാം അവരുടെ തനതുമേഖലകളിലെ റിയൽ ഹീറോസാണെന്നകാര്യം പ്രസക്തമാകുന്നുണ്ട്. ചില പ്രൊഫഷണലുകൾ സാമ്പത്തികമായും വ്യക്തിപരമായും നേട്ടത്തിനുവേണ്ടി മാത്രം പ്രവർത്തിയ്ക്കുമ്പോൾ ഇവർ ഒരു സമൂഹത്തിനു വേണ്ടിയാണു പ്രവർത്തിയ്ക്കുന്നതെന്ന് നമ്മൾ മറന്നുപോകരുത്. തെരുവിന്റെ ദേശീയഗാനം ഉച്ചത്തിൽ പാടാൻ അയ്യപ്പബൈജുമാർ മാത്രമാണുള്ളതെന്ന് മറക്കുകയുമരുത്.  അതുകൊണ്ടുതന്നെ അവാർഡിനർഹരാകേണ്ട ഹീറോകൾ ആര് എന്നത് നല്ലവണ്ണം ആലോചിയ്ക്കേണ്ട ഒന്നുതന്നെയാണ്.

അക്കാര്യത്തിൽ ഡോ. കഞ്‌ജ്‌ടു കുഞ്‌ടു ചൂണ്ടിക്കാണിയ്ക്കുന്നതുപോലെ കുറച്ചു നിർവ്വചനങ്ങൾ മാനദണ്ഡമാക്കുന്നത് നന്നായിരിയ്ക്കുമെന്ന് ഈയുള്ളവനും തോന്നുന്നുണ്ട്. ഈ മാനദണ്ഡം ആരോകട്ടെടുക്കുകയോ പാത്തുവയ്ക്കുകയോ ഒക്കെ ചെയ്തതുകൊണ്ട് കഴിഞ്ഞ ഏഴെട്ടുകൊല്ലമായി തിലകരത്ന നൽകാതിരുന്നതു നന്നായി. ഇടയ്ക്ക് ഇൻഡ്രീലു കൊടുത്ത് അടികാണുന്നതാണു രസം. അതുകൊണ്ടുതന്നെ എല്ലാക്കൊല്ലവും അവാർഡുനൽകുന്നതും ശരിയല്ല. ഒന്നുമില്ലെങ്കിലും നാലാളു കാണേണ്ട തടിയല്ലേ?

അല്ലേലും തിലകരത്നപോലുള്ള അവാർഡുകൾ മുലകുടിമാറാത്തവർക്ക്  കൊടുത്താൽ ഭാവിയിൽ അവർ മുലയിൽനിന്ന് കുടിമാറ്റാതിരുന്നാൽ പ്രശ്നമാവുമെന്ന പേടിയും അവാർഡു ജൂറിയ്ക്കുണ്ടെന്നാണു കേട്ടത്. ഇതിന് ഉറപ്പില്ലാത്തിടത്തോളം തൽക്കാലം മുലമറന്നവർക്കുതന്നെ കൊടുക്കുന്നതാണുചിതമെന്ന്  അവർ ചിന്തിച്ചുപോകുന്നുണ്ടെങ്കിൽ അതിന് ആരെയാണു കുറ്റം പറയേണ്ടതെന്ന് നിങ്ങൾ തീരുമാനിച്ചുകൊള്ളൂ. ഇടയ്ക്ക് ഒരു കൊച്ചിന്റെ വർത്താനവും കേട്ടു! കൊച്ചിന് അവാർഡുകൊടുക്കാൻ കൊച്ചിന്റെ തള്ള പറഞ്ഞില്ല എന്നതുതന്നെ ശരിയല്ല. അങ്ങനെ ആരെങ്കിലും പറയുന്നതുകേട്ട് കൊച്ചിനും തള്ളയ്ക്കും എന്തിനേറെ അമ്മിണിയ്ക്കുപോലും അവാർഡുനൽകാനാവില്ലെന്നും അങ്ങനെ കൊടുക്കാനുള്ള ഒന്നല്ല ഈ അവാർഡെന്നും തീരുമാനിയ്ക്കാൻ ഇവർക്കൊക്കെ ആരാണ് അധികാരം കൊടുത്തത്? കൊച്ച് നിന്നുകൊണ്ടാണു കളിക്കുന്നതെന്നത് ഒരു കുറവായി കാണാനൊക്കുമോ, അതോ നിന്നുകൊണ്ട് കളിക്കാൻ പാടില്ലെന്നാണോ? അതോ നിന്നുകൊണ്ട് കളിയ്ക്കുന്നവരല്ലേ കൂടുതൽ കളിയ്ക്കുന്നത്? എന്തായാലും അങ്ങനെ നിന്നുകൊണ്ടു കളിക്കുന്നവന് അവാർഡുകൊടുക്കാൻ തീരുമനിച്ചാൽ നന്നായി ഇന്നും കളിക്കുന്ന കപിലനായിരിയ്ക്കും കൂടുതൽ അർഹത. അതുകഴിഞ്ഞു കൊച്ചിനെ കുളിപ്പിച്ചാൽ മതിയാകുമെന്നാണു തോന്നുന്നത്. നിന്നുകൊണ്ടുള്ള കളി മോശമാവാതിരിക്കട്ടെ, അല്ലെങ്കിൽ മോശമല്ലാത്തിധത്തിൽ നിന്നുകളിക്കട്ടെ..


എന്നാപ്പിന്നെ അഭിനയവും ധ്യാനവുമൊക്കെ തൊഴിലാക്കിയവർക്കുതന്നെ അങ്ങു കൊടുത്തൂടേ എന്തിനാണു ഇത്ര വിവാദങ്ങളൊക്കെയുണ്ടാക്കി കൊടുക്കുന്നതെന്നു ചോദിക്കരുത്. അടുത്തകാലത്തായി വിവാദങ്ങൾ മാത്രമാണ് നമുക്ക് സമ്പാദ്യമായി കുമിഞ്ഞുകൂടുന്നത്. ഇതിനായിട്ട് ഒരു കുറവുവരാൻ പാടില്ലല്ലോ! അതുകൊണ്ടുതന്നെ അമ്മിണിയും വാസുവും ബൈജുവും കൂടുതൽ കടുത്ത തീരുമാനങ്ങളെടുക്കാൻ തയ്യാറെടുക്കുകയാണെന്നാണ് ഒടുവിൽ അറിയാൻ കഴിയുന്നത്.  തന്റെ സേവനങ്ങളെ മറ്റുള്ളവരുടെ മുന്നിൽ നിരത്തി പ്രശസ്തിയെടുക്കേണ്ടെന്ന തീരുമാനത്തിൽനിന്ന് വിഭിന്നമായി ഇനിമുതൽ ബസ്റ്റാൻഡ് അമ്മിണി തന്റെ പേര് അന്വർത്ഥമാക്കുന്ന രീതിയിൽ ബസ്റ്റാൻഡിലും പൊതുജനങ്ങൾക്കു ദൃശ്യമാവുന്ന വിധത്തിലും മാത്രമേ തന്റെ പൊതുപ്രവർത്തനങ്ങൾ നടത്തൂ എന്നു തീരുമാനിച്ചിട്ടുണ്ട്. അയ്യപ്പബൈജുവിനും ഏതാണ്ട് ഇതേ തീരുമാനം തന്നെയാണെന്നുമറിയുന്നു. അവാർഡുകിട്ടിയില്ലെങ്കിലും തന്റെ പ്രവർത്തന മേഖലയിൽ വ്യതിചലനമുണ്ടാക്കാൻ അടിമാലി വാസു തയ്യാറല്ലെന്നാണ് കിട്ടിയ വിവരം. പേരിൽ മാത്രമല്ല നാലു പുത്തൻ തടയുന്ന ഏർപ്പാടിലല്ലാതെ തനിക്കു താല്പര്യമില്ല. ഇനി അമ്മിണിക്കോ ബൈജുവിനോ കിട്ടുന്ന അവാർഡുകളിലൊരെണ്ണം തൽക്കാലം താൻ അടിച്ചുമാറ്റിക്കൊള്ളാം. പിന്നീടുള്ള വിവാദം അതിനെക്കുറിച്ചാവട്ടെ. തൽക്കാലം കുമാരപുരവും അവിടത്തെ കുമാരകുമാരിമാരും സമാധാനത്തോടെ ഉറങ്ങുമെന്നുമാത്രം നമുക്കു പ്രത്യാശിയ്ക്കാം. കുമാരന് ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലും...

Monday

ആഘോഷങ്ങൾ - ആഭാസങ്ങളും

ഒരു പുതിയ വർഷം പിച്ചവച്ചു തുടങ്ങുകയാണ്. സംഭവ ബഹുലമെന്ന് വിശേഷിപ്പിയ്ക്കാവുന്ന, ലോകത്തിന്റെ മുക്കിലും മൂലയിലും സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളും സമരങ്ങളുമൊക്കെ കൊടുംബിരികൊണ്ട പലതും വിജയത്തിലെത്തിച്ചേർന്നിട്ടുള്ള ഒരു വർഷമാണ് വിടപറയുന്നതെന്നും നമുക്കറിയാം. പോയവർഷത്തെ വിലയിരുത്താനല്ല ഈ പോസ്റ്റ്. പുതുവർഷം കടന്നുവരുമ്പോൾ എല്ലാ വർഷങ്ങളിലുമെന്നപോലെതന്നെ സമൂഹം, വിശേഷിച്ച് യുവസമൂഹം ആ പുതുവർഷത്തെ ആഘോഷിയ്ക്കുവാനുള്ള, ആഘോഷം കൊഴുപ്പിയ്ക്കുവാനുള്ള, കെങ്കേമമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് അണിയറയിൽ നടന്നുകൊണ്ടിരിയ്ക്കുന്നത് എന്ന് കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങൾ വച്ചുകൊണ്ട് നമുക്കു മനസ്സിലാക്കാൻ കഴിയുന്നുണ്ടല്ലോ. കോടിക്കണക്കിനു രൂപയുടെ മദ്യം കുടിച്ചുകൊണ്ട് പലപ്പോഴും സംഘട്ടനങ്ങളും ആക്രമണങ്ങളുമൊക്കെ അരങ്ങുതകർത്തുകൊണ്ടാണ് പുതുവത്സരപ്പിറവി ആഘോഷിക്കപ്പെടാറുള്ളത് എന്ന് മുൻ അനുഭവങ്ങൾ നമ്മെ പഠിപ്പിയ്ക്കുന്നുണ്ട്. എത്രകോടിയുടെ മദ്യം ഈ സമൂഹം പുതുവത്സരം പ്രമാണിച്ച് കുടിയ്ക്കും എന്നത് ഏതാനും ദിവസങ്ങൾക്കുള്ളിൽ നാമറിയും.

ഒരു പുതിയ വർഷം നമ്മിലേയ്ക്ക് വിരുന്നെത്തുമ്പോൾ കടന്നുവരുമ്പോൾ ഒരു വ്യക്തിയ്ക്ക് അല്ലെങ്കിൽ ഒരു സമൂഹത്തിന് ആനന്ദിയ്ക്കാൻ പാടില്ല എന്ന് അർത്ഥമില്ല. ഒരു പുതിയ കാലവും കാര്യവും കടന്നുവരുമ്പോഴും ആരംഭിയ്ക്കുമ്പോഴുമൊക്കെ ന്യായമായും സന്തോഷിയ്ക്കാറുണ്ട്. ഒരു കുഞ്ഞുപിറക്കുമ്പോൾ, ഒരു പുതിയ വീട്ടിലേയ്ക്ക് താമസം മാറുമ്പോൾ, ഒരു പുതിയ വാഹനം തരപ്പെടുത്തുമ്പോഴൊക്കെ നമ്മൾ സന്തോഷിയ്ക്കാറുണ്ട്. എന്നാൽ കേവലം പുതുവത്സരത്തിന്റെ ആഗമനം മാത്രമല്ല ഇവിടെ സംഭവിയ്ക്കുന്നത്. ഒരു പുതിയ വർഷം കടന്നുവരുമ്പോൾ ഒരു വർഷം നമ്മോട് വിടപറയുന്നു എന്നതുകൂടി ഇവിടെ സംഭവിയ്ക്കുന്നുണ്ടെന്ന് പലപ്പോഴും നമ്മൾ മറന്നുപോകുന്നു. അതുകൊണ്ടാണ് സന്തോഷ പ്രകടനങ്ങൾ എത്തരത്തിലുള്ളതായിരിയ്ക്കണം  അല്ലെങ്കിൽ ഒരു പുതിയ വർഷം കടന്നുവരുമ്പോൾ എന്തെല്ലാം വികാരങ്ങളാണ് ഒരു മനുഷ്യന്റെ മനസ്സിലുണരേണ്ടത് ഇതൊക്കെ വിവേകമതികളായിട്ടുള്ള ആളുകൾ എന്നു വിളിയ്ക്കുന്ന നമ്മൾ വളരെ ഗൗരവപൂർവ്വം ചിന്തിയ്കേണ്ട കാര്യമാണ് എന്നു പറയുന്നത്. മൂക്കറ്റം ലഹരിയിൽ ആറാടിക്കൊണ്ടാണോ പുതുവത്സരം ആഘോഷിയ്ക്കേണ്ടത്, ചെണ്ടകൊട്ടിയും കൂക്കിവിളിച്ചും പടക്കം പൊട്ടിച്ചുമാണോ പുതുവത്സരത്തെ നം വരവേൽക്കേണ്ടത്, തെരുവുകളിൽ ആഭാസ നൃത്തം ചവിട്ടിയും അഴിഞ്ഞാട്ടം നടത്തിയുമാണോ പുതുവത്സരത്തിനു സ്വാഗതമോതേണ്ടത് എന്ന് വളരെ ഗൗരവപൂർവ്വം ആധുനിക മനുഷ്യസമൂഹം ചിന്തിയ്ക്കേണ്ടതുണ്ട്. ഇതിന് മതത്തിന്റെയോ ജാതിയുടേയോ വ്യത്യാസമില്ല. ആരും മോശക്കാരാവാതിരിയ്ക്കാൻ വേണ്ടുവോളം ശ്രദ്ധിയ്ക്കുന്നുണ്ടല്ലോ.! അതുകൊണ്ടാവണം ബുദ്ധിജീവികളും മതനേതാക്കളും സാമൂഹ്യനേതാക്കളുമൊക്കെ നമ്മുടെ നാടിനെ ഗ്രസിച്ചുകൊണ്ടിരിയ്ക്കുന്ന ഇത്തരത്തിലുള്ള അനാചാരങ്ങൾ വേണ്ടുവോളം ശ്രദ്ധിയ്ക്കാതിരിയ്ക്കുന്നത്. ലഹരി ഉപയോഗിയ്ക്കാത്തവർ പോലും ആഭാസനടനങ്ങളിൽക്കൂടിയെങ്കിലും ഇതിൽ ഭാഗഭാക്കാവുന്നുണ്ട്.

ഒരു വലിയ ജാഗ്രത നാട്ടുകാരും രക്ഷിതാക്കളും മതനേതാക്കളും കാത്തു സൂക്ഷിയ്ക്കണമെന്ന് സൂചിപ്പിയ്ക്കാതിരിയ്ക്കാനാവില്ല. വിടപറയുന്ന വർഷത്തെ സംബന്ധിച്ചിടത്തോളം അതല്ലെങ്കിൽ ഓരോ നിമിഷവും മുള്ളിന്മേൽക്കളികളിക്കുന്ന സമയകാലങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ വ്യക്തികളും തങ്ങൾ കഴിഞ്ഞുപോകുന്ന സമയത്തെയും കാലത്തെയും സംബന്ധിച്ച് ബോധാന്മാരാവേണ്ടതുണ്ട്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ജ്ഞാനം എന്നു പറയുന്നത്, അതല്ലെങ്കിൽ സമയം എന്നു പറയുന്നത് ധാരാളം ഗുണപാനങ്ങൾ സമയത്തെക്കുറിച്ചുള്ള ചിന്തയിലും ആലോചനയിലും ആവൃതമാക്കാൻ ആത്മാർത്ഥമായിത്തന്നെ ശ്രമിയ്ക്കേണ്ടതുണ്ട്. വിവേകശാലികൾക്ക്  ഭാവിയെക്കുറിച്ച് ചിന്തിയ്ക്കൽ ഒഴിവാക്കാൻ പറ്റാത്തതാണെന്നും അവിവേകമായ സ്വഭാവ രീതികൾ തങ്ങളെ എങ്ങനെ സ്വാധീനിയ്ക്കുന്നുവെന്നും മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. കഴിഞ്ഞകാലത്തെ അവഗണിച്ചുകൊണ്ടുള്ള ഒരു പുതിയ കാലം യഥാർത്ഥ മനുഷ്യർക്കില്ല അല്ലെങ്കിൽ ഒരു ഇന്നലയെ അവഹേളിച്ചുകൊണ്ടുള്ള ഒരു നാളെ അവന്റെ മുന്നിലില്ല എന്നതു തന്നെയാണ് വാസ്തവം. അങ്ങനെയാകുമ്പോൾ കഴിഞ്ഞ വർഷങ്ങളെ മറന്നുകൊണ്ടുള്ള ഒരു പുതിയ വർഷം അവന്റെ മുന്നിലില്ല. ഒരു പുതുവത്സര ആഘോഷത്തിന്റെ പ്രസക്തി തീരെ ഇല്ലാതാവുന്നു. അതുകൊണ്ടാണ് ചരിത്രത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച്, കഴിഞ്ഞ കാലഘട്ടത്തിന്റെ മഹത്വത്തെ സംബന്ധിച്ച് നാം ചിന്തിയ്ക്കേണ്ടതുണ്ട് എന്നതിനു പ്രസക്തിയേറുന്നത്. അതുകൊണ്ടുതന്നെ പുനർചിന്തനം നമ്മുടെ നിത്യ ആചാരമാക്കേണ്ടി വരുന്നു.

സൂര്യാസ്തമയങ്ങൾ നയനമനോഹരം തന്നെയാണ്. അണയാൻ പോകുന്നേരമാണ് ആ പ്രഭയെന്നത് മറക്കാതെയാവണമെന്നുമാത്രം. ഓരോ ദിവസവും സൂര്യനസ്തമിയ്ക്കുമ്പോൾ എന്തൊക്കെയാണ് താൻ അന്നന്നു ചെയ്തതെന്നും എന്തൊക്കെയാണ് താൻ ചെയ്യാതെ മാറ്റിവച്ചതെന്നും പരിശോധിയ്ക്കേണ്ടതുണ്ട്. ഓരോ പുതിയ ദിവസവും മാസവും വർഷവും നമ്മെ സംബന്ധിച്ചിടത്തോളം ആത്മവിചാരണയുടെ സമയങ്ങളാണെന്ന് നാം തിരിച്ചറിയുന്നുണ്ടോ എന്നത് സംശയമാണ്. അങ്ങനെ വിചാരണ നടത്തുന്നവരെ നമുക്ക് മനുഷ്യരെന്നു വിളിയ്ക്കാം. ക്രമംകെട്ട രീതിയിൽ മനസ്സും ശരീരവും പ്രവർത്തിപ്പിയ്ക്കാൻ പ്രേരണനൽകുകയും പ്രോത്സാഹിപ്പിയ്ക്കുകയും ശീലിപ്പിയ്ക്കുകയും ചെയ്തുകൊണ്ടിരിയ്ക്കുന്ന തലതിരിഞ്ഞ സംസ്കാരവും സംസാരവും ഇന്ന് നമ്മുടെ സമൂഹത്തിൽ അധികരിച്ചുകൊണ്ടിരിയ്ക്കുന്നു. അതിൽത്തന്നെ ഏറ്റവും നല്ല ഉദാഹരണമാണ് വ്യക്തികളുടെ ജന്മദിനങ്ങൾ ആഘോഷിയ്ക്കുക എന്നത്. വലിയ സമ്മേളനങ്ങൾ തന്നെ നാം അവയ്ക്കുവേണ്ടി സംഘടിപ്പിയ്ക്കാറുണ്ട്. നമ്മുടെ ആഘോഷങ്ങൾക്ക് നാം ന്യായീകരണങ്ങൾ നിരത്താൻ നാം മത്സരിയ്ക്കാറുണ്ട്. ഒരു വർഷം നമ്മോടു വിടപറയുമ്പോൾ വരാൻ പോകുന്ന പുതിയ വർഷത്തെ അവഗണിച്ചു മുന്നോട്ടു പോകണമെന്നല്ല. പോയവർഷത്തെ തന്റെ പ്രവർത്തനത്തിൽ, ജീവിതത്തിൽ താൻ എത്രമാത്രം സംതൃപ്തനായിരുന്നു, മാനുഷിക മൂല്യങ്ങൾ ഉയർത്തുന്ന പ്രവർത്തനങ്ങൾ തന്നെയാണോ താൻ ചെയ്തു കൂട്ടിയിട്ടുള്ളത് എന്നു വിലയിരുത്തിയതിനു ശേഷം മാത്രം മതി പുതുവത്സരാഘോഷമെന്നാണ് എനിയ്ക്കുതോന്നുന്നത്.

കടമകളും കർത്തവ്യങ്ങളും കാറ്റിൽപ്പറത്തി തോന്നിയതുപോലെ ജീവിയ്ക്കുന്നവന് പുതുവത്സരമാഘോഷിയ്ക്കാൻ എന്താണവകാശം! തകർന്നുകൊണ്ടിരിയ്ക്കുന്ന തന്റെ ആയുസ്സിനെക്കുറിച്ച് ചിന്തിയ്ക്കുന്നില്ലാ എന്നത് അത്ഭുതം തന്നെയാണ്. അതാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിന്തിയ്ക്കേണ്ടതും. ഓരോ ദിനവും കഴിഞ്ഞുപോകുന്നത് തന്റെ ജീവന്റെ വൃക്ഷത്തിൽ നിന്ന് ആയുസ്സിന്റെ ഓരോ ഇലകളേയും പൊഴിച്ചുകൊണ്ടാണെന്നത് നാം മറന്നുപോകുന്നു. അതുകൊണ്ടുതന്നെ സമയം നമുക്ക് ഏറ്റവും വിലപ്പെട്ടതാണ്. മനുഷ്യൻ എവിടെയെങ്കിലും കൂടുതലായി ശ്രദ്ധിയ്ക്കേണ്ടതുണ്ടെങ്കിൽ, പിശുക്കുകാണിയ്ക്കേണ്ടതുണ്ടെങ്കിൽ അവന്റെ സമയം ഉപയോഗപ്പെടുത്തുന്നതിലാവണം എന്നത് യാഥാർത്ഥ്യമാണ്. സമയമാണ് നമുക്ക് ഏറ്റവും ദുർല്ലഭമായിമാത്രം ലഭ്യമാകുന്നത്, നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാനാകാത്തതും.

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes