Kottotty.com

Monday

ആഘോഷങ്ങൾ - ആഭാസങ്ങളും

ഒരു പുതിയ വർഷം പിച്ചവച്ചു തുടങ്ങുകയാണ്. സംഭവ ബഹുലമെന്ന് വിശേഷിപ്പിയ്ക്കാവുന്ന, ലോകത്തിന്റെ മുക്കിലും മൂലയിലും സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങളും സമരങ്ങളുമൊക്കെ കൊടുംബിരികൊണ്ട പലതും വിജയത്തിലെത്തിച്ചേർന്നിട്ടുള്ള ഒരു വർഷമാണ് വിടപറയുന്നതെന്നും നമുക്കറിയാം. പോയവർഷത്തെ വിലയിരുത്താനല്ല ഈ പോസ്റ്റ്. പുതുവർഷം കടന്നുവരുമ്പോൾ എല്ലാ വർഷങ്ങളിലുമെന്നപോലെതന്നെ സമൂഹം, വിശേഷിച്ച് യുവസമൂഹം ആ പുതുവർഷത്തെ ആഘോഷിയ്ക്കുവാനുള്ള, ആഘോഷം കൊഴുപ്പിയ്ക്കുവാനുള്ള, കെങ്കേമമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് അണിയറയിൽ നടന്നുകൊണ്ടിരിയ്ക്കുന്നത് എന്ന് കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങൾ വച്ചുകൊണ്ട് നമുക്കു മനസ്സിലാക്കാൻ കഴിയുന്നുണ്ടല്ലോ. കോടിക്കണക്കിനു രൂപയുടെ മദ്യം കുടിച്ചുകൊണ്ട് പലപ്പോഴും സംഘട്ടനങ്ങളും ആക്രമണങ്ങളുമൊക്കെ അരങ്ങുതകർത്തുകൊണ്ടാണ് പുതുവത്സരപ്പിറവി ആഘോഷിക്കപ്പെടാറുള്ളത് എന്ന് മുൻ അനുഭവങ്ങൾ നമ്മെ പഠിപ്പിയ്ക്കുന്നുണ്ട്. എത്രകോടിയുടെ മദ്യം ഈ സമൂഹം പുതുവത്സരം പ്രമാണിച്ച് കുടിയ്ക്കും എന്നത് ഏതാനും ദിവസങ്ങൾക്കുള്ളിൽ നാമറിയും.

ഒരു പുതിയ വർഷം നമ്മിലേയ്ക്ക് വിരുന്നെത്തുമ്പോൾ കടന്നുവരുമ്പോൾ ഒരു വ്യക്തിയ്ക്ക് അല്ലെങ്കിൽ ഒരു സമൂഹത്തിന് ആനന്ദിയ്ക്കാൻ പാടില്ല എന്ന് അർത്ഥമില്ല. ഒരു പുതിയ കാലവും കാര്യവും കടന്നുവരുമ്പോഴും ആരംഭിയ്ക്കുമ്പോഴുമൊക്കെ ന്യായമായും സന്തോഷിയ്ക്കാറുണ്ട്. ഒരു കുഞ്ഞുപിറക്കുമ്പോൾ, ഒരു പുതിയ വീട്ടിലേയ്ക്ക് താമസം മാറുമ്പോൾ, ഒരു പുതിയ വാഹനം തരപ്പെടുത്തുമ്പോഴൊക്കെ നമ്മൾ സന്തോഷിയ്ക്കാറുണ്ട്. എന്നാൽ കേവലം പുതുവത്സരത്തിന്റെ ആഗമനം മാത്രമല്ല ഇവിടെ സംഭവിയ്ക്കുന്നത്. ഒരു പുതിയ വർഷം കടന്നുവരുമ്പോൾ ഒരു വർഷം നമ്മോട് വിടപറയുന്നു എന്നതുകൂടി ഇവിടെ സംഭവിയ്ക്കുന്നുണ്ടെന്ന് പലപ്പോഴും നമ്മൾ മറന്നുപോകുന്നു. അതുകൊണ്ടാണ് സന്തോഷ പ്രകടനങ്ങൾ എത്തരത്തിലുള്ളതായിരിയ്ക്കണം  അല്ലെങ്കിൽ ഒരു പുതിയ വർഷം കടന്നുവരുമ്പോൾ എന്തെല്ലാം വികാരങ്ങളാണ് ഒരു മനുഷ്യന്റെ മനസ്സിലുണരേണ്ടത് ഇതൊക്കെ വിവേകമതികളായിട്ടുള്ള ആളുകൾ എന്നു വിളിയ്ക്കുന്ന നമ്മൾ വളരെ ഗൗരവപൂർവ്വം ചിന്തിയ്കേണ്ട കാര്യമാണ് എന്നു പറയുന്നത്. മൂക്കറ്റം ലഹരിയിൽ ആറാടിക്കൊണ്ടാണോ പുതുവത്സരം ആഘോഷിയ്ക്കേണ്ടത്, ചെണ്ടകൊട്ടിയും കൂക്കിവിളിച്ചും പടക്കം പൊട്ടിച്ചുമാണോ പുതുവത്സരത്തെ നം വരവേൽക്കേണ്ടത്, തെരുവുകളിൽ ആഭാസ നൃത്തം ചവിട്ടിയും അഴിഞ്ഞാട്ടം നടത്തിയുമാണോ പുതുവത്സരത്തിനു സ്വാഗതമോതേണ്ടത് എന്ന് വളരെ ഗൗരവപൂർവ്വം ആധുനിക മനുഷ്യസമൂഹം ചിന്തിയ്ക്കേണ്ടതുണ്ട്. ഇതിന് മതത്തിന്റെയോ ജാതിയുടേയോ വ്യത്യാസമില്ല. ആരും മോശക്കാരാവാതിരിയ്ക്കാൻ വേണ്ടുവോളം ശ്രദ്ധിയ്ക്കുന്നുണ്ടല്ലോ.! അതുകൊണ്ടാവണം ബുദ്ധിജീവികളും മതനേതാക്കളും സാമൂഹ്യനേതാക്കളുമൊക്കെ നമ്മുടെ നാടിനെ ഗ്രസിച്ചുകൊണ്ടിരിയ്ക്കുന്ന ഇത്തരത്തിലുള്ള അനാചാരങ്ങൾ വേണ്ടുവോളം ശ്രദ്ധിയ്ക്കാതിരിയ്ക്കുന്നത്. ലഹരി ഉപയോഗിയ്ക്കാത്തവർ പോലും ആഭാസനടനങ്ങളിൽക്കൂടിയെങ്കിലും ഇതിൽ ഭാഗഭാക്കാവുന്നുണ്ട്.

ഒരു വലിയ ജാഗ്രത നാട്ടുകാരും രക്ഷിതാക്കളും മതനേതാക്കളും കാത്തു സൂക്ഷിയ്ക്കണമെന്ന് സൂചിപ്പിയ്ക്കാതിരിയ്ക്കാനാവില്ല. വിടപറയുന്ന വർഷത്തെ സംബന്ധിച്ചിടത്തോളം അതല്ലെങ്കിൽ ഓരോ നിമിഷവും മുള്ളിന്മേൽക്കളികളിക്കുന്ന സമയകാലങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ വ്യക്തികളും തങ്ങൾ കഴിഞ്ഞുപോകുന്ന സമയത്തെയും കാലത്തെയും സംബന്ധിച്ച് ബോധാന്മാരാവേണ്ടതുണ്ട്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ജ്ഞാനം എന്നു പറയുന്നത്, അതല്ലെങ്കിൽ സമയം എന്നു പറയുന്നത് ധാരാളം ഗുണപാനങ്ങൾ സമയത്തെക്കുറിച്ചുള്ള ചിന്തയിലും ആലോചനയിലും ആവൃതമാക്കാൻ ആത്മാർത്ഥമായിത്തന്നെ ശ്രമിയ്ക്കേണ്ടതുണ്ട്. വിവേകശാലികൾക്ക്  ഭാവിയെക്കുറിച്ച് ചിന്തിയ്ക്കൽ ഒഴിവാക്കാൻ പറ്റാത്തതാണെന്നും അവിവേകമായ സ്വഭാവ രീതികൾ തങ്ങളെ എങ്ങനെ സ്വാധീനിയ്ക്കുന്നുവെന്നും മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല. കഴിഞ്ഞകാലത്തെ അവഗണിച്ചുകൊണ്ടുള്ള ഒരു പുതിയ കാലം യഥാർത്ഥ മനുഷ്യർക്കില്ല അല്ലെങ്കിൽ ഒരു ഇന്നലയെ അവഹേളിച്ചുകൊണ്ടുള്ള ഒരു നാളെ അവന്റെ മുന്നിലില്ല എന്നതു തന്നെയാണ് വാസ്തവം. അങ്ങനെയാകുമ്പോൾ കഴിഞ്ഞ വർഷങ്ങളെ മറന്നുകൊണ്ടുള്ള ഒരു പുതിയ വർഷം അവന്റെ മുന്നിലില്ല. ഒരു പുതുവത്സര ആഘോഷത്തിന്റെ പ്രസക്തി തീരെ ഇല്ലാതാവുന്നു. അതുകൊണ്ടാണ് ചരിത്രത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച്, കഴിഞ്ഞ കാലഘട്ടത്തിന്റെ മഹത്വത്തെ സംബന്ധിച്ച് നാം ചിന്തിയ്ക്കേണ്ടതുണ്ട് എന്നതിനു പ്രസക്തിയേറുന്നത്. അതുകൊണ്ടുതന്നെ പുനർചിന്തനം നമ്മുടെ നിത്യ ആചാരമാക്കേണ്ടി വരുന്നു.

സൂര്യാസ്തമയങ്ങൾ നയനമനോഹരം തന്നെയാണ്. അണയാൻ പോകുന്നേരമാണ് ആ പ്രഭയെന്നത് മറക്കാതെയാവണമെന്നുമാത്രം. ഓരോ ദിവസവും സൂര്യനസ്തമിയ്ക്കുമ്പോൾ എന്തൊക്കെയാണ് താൻ അന്നന്നു ചെയ്തതെന്നും എന്തൊക്കെയാണ് താൻ ചെയ്യാതെ മാറ്റിവച്ചതെന്നും പരിശോധിയ്ക്കേണ്ടതുണ്ട്. ഓരോ പുതിയ ദിവസവും മാസവും വർഷവും നമ്മെ സംബന്ധിച്ചിടത്തോളം ആത്മവിചാരണയുടെ സമയങ്ങളാണെന്ന് നാം തിരിച്ചറിയുന്നുണ്ടോ എന്നത് സംശയമാണ്. അങ്ങനെ വിചാരണ നടത്തുന്നവരെ നമുക്ക് മനുഷ്യരെന്നു വിളിയ്ക്കാം. ക്രമംകെട്ട രീതിയിൽ മനസ്സും ശരീരവും പ്രവർത്തിപ്പിയ്ക്കാൻ പ്രേരണനൽകുകയും പ്രോത്സാഹിപ്പിയ്ക്കുകയും ശീലിപ്പിയ്ക്കുകയും ചെയ്തുകൊണ്ടിരിയ്ക്കുന്ന തലതിരിഞ്ഞ സംസ്കാരവും സംസാരവും ഇന്ന് നമ്മുടെ സമൂഹത്തിൽ അധികരിച്ചുകൊണ്ടിരിയ്ക്കുന്നു. അതിൽത്തന്നെ ഏറ്റവും നല്ല ഉദാഹരണമാണ് വ്യക്തികളുടെ ജന്മദിനങ്ങൾ ആഘോഷിയ്ക്കുക എന്നത്. വലിയ സമ്മേളനങ്ങൾ തന്നെ നാം അവയ്ക്കുവേണ്ടി സംഘടിപ്പിയ്ക്കാറുണ്ട്. നമ്മുടെ ആഘോഷങ്ങൾക്ക് നാം ന്യായീകരണങ്ങൾ നിരത്താൻ നാം മത്സരിയ്ക്കാറുണ്ട്. ഒരു വർഷം നമ്മോടു വിടപറയുമ്പോൾ വരാൻ പോകുന്ന പുതിയ വർഷത്തെ അവഗണിച്ചു മുന്നോട്ടു പോകണമെന്നല്ല. പോയവർഷത്തെ തന്റെ പ്രവർത്തനത്തിൽ, ജീവിതത്തിൽ താൻ എത്രമാത്രം സംതൃപ്തനായിരുന്നു, മാനുഷിക മൂല്യങ്ങൾ ഉയർത്തുന്ന പ്രവർത്തനങ്ങൾ തന്നെയാണോ താൻ ചെയ്തു കൂട്ടിയിട്ടുള്ളത് എന്നു വിലയിരുത്തിയതിനു ശേഷം മാത്രം മതി പുതുവത്സരാഘോഷമെന്നാണ് എനിയ്ക്കുതോന്നുന്നത്.

കടമകളും കർത്തവ്യങ്ങളും കാറ്റിൽപ്പറത്തി തോന്നിയതുപോലെ ജീവിയ്ക്കുന്നവന് പുതുവത്സരമാഘോഷിയ്ക്കാൻ എന്താണവകാശം! തകർന്നുകൊണ്ടിരിയ്ക്കുന്ന തന്റെ ആയുസ്സിനെക്കുറിച്ച് ചിന്തിയ്ക്കുന്നില്ലാ എന്നത് അത്ഭുതം തന്നെയാണ്. അതാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിന്തിയ്ക്കേണ്ടതും. ഓരോ ദിനവും കഴിഞ്ഞുപോകുന്നത് തന്റെ ജീവന്റെ വൃക്ഷത്തിൽ നിന്ന് ആയുസ്സിന്റെ ഓരോ ഇലകളേയും പൊഴിച്ചുകൊണ്ടാണെന്നത് നാം മറന്നുപോകുന്നു. അതുകൊണ്ടുതന്നെ സമയം നമുക്ക് ഏറ്റവും വിലപ്പെട്ടതാണ്. മനുഷ്യൻ എവിടെയെങ്കിലും കൂടുതലായി ശ്രദ്ധിയ്ക്കേണ്ടതുണ്ടെങ്കിൽ, പിശുക്കുകാണിയ്ക്കേണ്ടതുണ്ടെങ്കിൽ അവന്റെ സമയം ഉപയോഗപ്പെടുത്തുന്നതിലാവണം എന്നത് യാഥാർത്ഥ്യമാണ്. സമയമാണ് നമുക്ക് ഏറ്റവും ദുർല്ലഭമായിമാത്രം ലഭ്യമാകുന്നത്, നഷ്ടപ്പെട്ടാൽ തിരിച്ചെടുക്കാനാകാത്തതും.

Sunday

ഇനി 'ഈ' വേസ്റ്റു വാഴും കാലം

ടൂജി, ത്രീജി, ഫോർജി.. ഇതെന്തര്ജി.....
മനുഷ്യനെ ഇടങ്ങേറിലാക്കുന്ന കോടികളുടെ അഴിമതിക്കഥകൾ.! പരപരാന്ന് നേരം വെളുക്കുമ്പോൾ മുറ്റത്തുന്ന് ഒച്ച പൊന്തും. ഡൃണിംഗ്.... ഡൃണോംങ്....  പത്രക്കാരൻ പയ്യന്റെ സൈക്കിളിന്റെ മണിയൊച്ചയാണ് മിയ്ക്കവാറും എന്നെയുണർത്താറ്. സത്യത്തിൽ ഇപ്പൊ പത്രം വായിയ്ക്കാനുള്ള മനസ്സൊന്നുമില്ല. അല്ലേത്തന്നെ എന്തോന്ന് വായിയ്ക്കാനാ... മനസ്സിരുത്തി വായിയ്ക്കാൻ പറ്റിയ എന്താണ് ഇപ്പൊ ഉള്ളത്?  രാവിലേ പതിവായി പല്ലുതേക്കാതെ വെറും വയറ്റിലുള്ള കട്ടഞ്ചായയ്ക്കു കടിയായി വർഷങ്ങൾക്കുമുമ്പ് മുതൽ ശീലമാക്കിയതാണ്. പത്രത്തിന്റെ ചന്തം നോക്കൽച്ചടങ്ങ്. ഭാഗ്യം! ഒന്നാം പേജിൽ ഒറ്റ പീഡന വാർത്തയില്ല.! ഹേയ്.. അങ്ങനെയല്ല, എങ്ങാണ്ടിരുന്ന് ഐസ്ക്രീംകഴിച്ചതിന് ആരാണ്ടെയൊക്കെയോ ചോദ്യം ചെയ്തെന്ന ഒരു വാർത്തയുണ്ട്. അതല്ലേലും അതങ്ങനാ... പീഡനവാർത്തയില്ലെങ്കിൽ ഇപ്പൊ എന്തോന്ന് പത്രവായന...?

കട്ടൻ‌ചായയും കടിയും കഴിഞ്ഞാൽ പിന്നെ അരമണിയ്ക്കൂർ ചാനൽ വാർത്ത. തലേന്നു മിച്ചം വന്നതും രാത്രിയിൽ അടിച്ചുമാറ്റിയതും എല്ലാംകൂടി കാച്ചിയരിച്ചെടുത്ത് നേരത്തേ തയ്യാറാക്കിവച്ചിരുന്ന പീഡനവാർത്തകളും പാർട്ടി നേതാക്കന്മാരുടെ തമ്മിൽക്കുത്തും മേമ്പൊടി ചേർത്ത് വാദകരുടെ ഇളം നർമ്മത്തിൽ കൂട്ടിക്കുഴച്ച് ചെറുചൂടോടെ രാവിലേതന്നെ അതൊന്നു കേട്ടില്ലേൽ ബാത്ത്റൂമിൽക്കൂടി മര്യാദയ്ക്കു പോകാൻ പറ്റില്ലെന്നായിരിയ്ക്കുന്നു. ഓരോരോ ശീലങ്ങളേ..!

രണ്ടുമൂന്നു ദിവസങ്ങളായി കണ്ട മലയാളം ചാനലുകളിലൊക്കെ എന്തൊക്കെയോ മുടങ്ങാതെ തുടർച്ചയായി കാണിയ്ക്കുന്നു. ഇന്നലെ ഒരു പെണ്ണുവന്നു പറഞ്ഞപ്പഴാ സത്യത്തിൽ കാര്യം പിടികിട്ടിയത്. ഇൻസാറ്റ്-2-ഇ മരണത്തെ പുൽകാൻ കാത്തുനിൽക്കുകയാണെന്നും നല്ല ചൊവ്വും ചൊറുക്കുമുള്ള ചുള്ളനായ ഇൻസാറ്റ്-17ലേയ്ക്ക്  ചാനലുകൾ കൂട്ടത്തോടെ ചേക്കേറുകയാണെന്ന്. ആയതിനാൽ സീരിയൽ കാണുന്ന സോദരിമാരും പീഢനം സഹിയ്ക്കുന്ന അവരുടെ പതിമാരും (ഒരു മുൻകൂർ ജാമ്യം) ഇക്കാര്യം ശ്രദ്ധിയ്ക്കണമെന്നും മര്യാദയ്ക്ക് പുതിയ ഒരു റിസീവർ വാങ്ങി വേണേച്ചാ കണ്ടോളീന്നും അവളു നന്നായിത്തന്നെ പറഞ്ഞുതന്നു.

ലതുതന്നെയാണ് ഇനി നമ്മൾ അനുഭവിയ്ക്കാൻ പോകുന്നത്. ആദ്യം വന്നത് പത്തുപതിനാറടി വലുപ്പമുള്ള കൊട. അതിനു വേണ്ടി വാങ്ങിയ റിസീവർ കേടുവന്നത് മൂലയിൽ കിടക്കുന്നു. പിന്നെ ഡിഷ് ടിവിയുടെ കണക്ഷനെടുത്തു ഓഫർ (എന്റമ്മോ എന്തൊരു തട്ടിപ്പ്!) അനുസരിച്ചുള്ള മാസങ്ങൾ കഴിഞ്ഞപ്പൊ അവരുടെ തനിനിറം വെളിവാകാൻ തുടങ്ങി. അതുമുപേക്ഷിച്ച് ആറടീന്റെ കൊടയൊരെണ്ണം വാങ്ങി പുതിയ ഒരു റിസീവറും സ്ഥാപിച്ചപ്പം എന്തര് സുഖം! ഓഫറും വേണ്ട കാഫിറും വേണ്ട മാസവാടക തീരെ വേണ്ടാ. കഴിഞ്ഞ കുറേ മാസങ്ങളായി അങ്ങനെ ചിന്തിച്ച് സമാധാനിയ്ക്കുമ്പോഴാണ് ചാനനുകളുടെ ഈ ചുവടുമാറ്റം. "ഡി.വി.ബി എസ് 2, എംപെഗ് 4, എച്ച്.ഡി". എന്നിവയെ താങ്ങുന്ന റിസീവറുണ്ടെങ്കിലേ  ഇനിയങ്ങോട്ട് മലയാളത്തിൽ കാണാൻ പറ്റൂ എന്ന മഹാസത്യം അറിഞ്ഞപ്പോൾ ഒന്നു ഞെട്ടി. രൂപാ മൂവായിരത്തഞ്ഞൂറ് ഇനിയും മുടക്കണം. തൽക്കാലം ആയിരത്തറിന്നൂറോളം മുടക്കി എയർടെല്ല് ഒരെണ്ണമങ്ങു വച്ചു.

സത്യത്തിൽ ഇപ്പഴാണ് ശരിയ്ക്കും ഞെട്ടൽ വരുന്നത്. മൂന്നു റിസീവറുകൾ ഒന്നിനുമീതെ ഒന്നായി മൂലയിൽ ഭദ്രം! നാലാമതൊരെണ്ണം സ്ഥാപിച്ചിട്ടുമുണ്ട്. കേടുവന്ന പഴയ ഒരു 40 ജിബി കമ്പ്യൂട്ടർ ഒരു വശത്ത്, ഉപയോഗശൂന്യമായ മൂന്നു റിസീവറുകൾ മറുവശത്ത്. മുട്ടിനുമുട്ടിനു വാങ്ങിക്കൂട്ടി കേടുവന്ന ചൈനാ മൊബൈലുകൾ രണ്ടിനുമിടയിൽ. ഇതെല്ലാം കൂടി എവിടെ പണ്ടാരടക്കാനാണ്... ചുറ്റുമുള്ള വീടുകളിലെ സ്ഥിതികൂടി ആലോചിയ്ക്കുമ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാവുന്നത്. പഴയ ടേപ്പ് റിക്കാർഡർ, റേഡിയോ, ടിവി, കമ്പ്യൂട്ടർ. റിസീവർ തുടങ്ങി എന്തെങ്കിലുമൊക്കെ വേസ്റ്റായിക്കിടക്കാത്ത വീടുകൾ അത്യപൂർവ്വമായിരിയ്ക്കും. ഇപ്പോൾത്തന്നെ എംപെഗ്4 റിസീവർ ഇന്ത്യയിൽ എല്ലാരും വാങ്ങുമ്പോൾ അവരുടെ ഡി.വി.ബി.-എംപെഗ് 2 റിസീവറുകൾ കോടിക്കണക്കിനാണ് വേസ്റ്റായി മാറുന്നത്. ഇക്കണ്ട വേസ്റ്റുകളെല്ലാം കൂടി എന്തു ചെയ്യാനാണ്...? ഇപ്പൊത്തന്നെ ഇലക്ട്രോണിക് വേസ്റ്റുകൾ കൊണ്ട് ആകെ മലീമസമായിരിയ്ക്കുന്നു എല്ലായിടവും. അതിന്റെ പുറത്താണ് ഇപ്പോൾ ഈ ചാനലുകളുടെ ഉപഗ്രഹമാറ്റം. അത് അനിവാര്യമാണെന്നതു വേറേ കാര്യം. രാജ്യത്ത് എത്ര കുടുംബങ്ങളിലെ റിസീവറുകൾ ഉപയോഗശൂന്യമാവുമെന്ന് ഒരു കണക്കുമില്ല. ഇതെല്ലാം മൂലയിലിടുമെന്നതിനു പുറമേ പുതിയവ വാങ്ങുന്നുമുണ്ട്. ഈ കേടുവരുന്ന ഇലക്ടോണിക്സ് ഉപകരണങ്ങൾ എന്തു ചെയ്യണമെന്നതിനെപ്പറ്റി നാം ആലോചിയ്ക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു. ഇപ്പോൾത്തന്നെ പരിഹാരമാർഗ്ഗങ്ങൾ ആലോചിച്ചു തുടങ്ങിയിട്ടില്ലെങ്കിൽ നാളെ അത്യന്തം ഗുരുതരമായ ഒരു സാഹചര്യം ഇവിടെ ഉടലെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇ-വേസ്റ്റ് എന്നത് ലോകത്തെ ഏറ്റവും വലിയ ദുരന്തമാവാൻ ഇനി അധികദൂരം സഞ്ചരിയ്ക്കേണ്ടി വരുമെന്ന് തോന്നുന്നില്ല.

കൊണ്ടോട്ടിയിൽ നിന്ന് കൊണ്ടോടിയിലെത്തി ഒരു വീടു പണിയണമെന്ന് ഒരാഗ്രഹമുണ്ട്. ചുമരിൽ ഇഷ്ടികയ്ക്കു പകരം പഴയ റിസീവറുകൾ ഉപയോഗിച്ചാലോ എന്ന ആലോചനയിലാണ്. അതാവുമ്പം പണവും ലാഭിയ്ക്കാം, മറ്റുള്ളവർക്ക് ശല്യവും ഒഴിവാക്കാം... യേത്.....

Saturday

പി. ടി. ഉഷയോ.. അതാരാ....?

ഇന്ത്യയുടെ അഭിമാനമെന്നും കേരളത്തിന്റെ മാണിക്യമെന്നും വിവരണങ്ങൾക്കതീതമായ ആലങ്കാരിക പദപ്രയോഗങ്ങളിലൂടെ നെഞ്ചോടു ചേർത്ത് വാഴ്ത്തിയതു നമ്മളൊക്കെത്തന്നെയാണ്. പി. ടി. ഉഷയെന്ന ആ മാണിക്യത്തിനു മുമ്പോ അദ്ദേഹത്തിനു ശേഷമോ ലോകറാങ്കിങ്ങിലെ ആദ്യപത്തിൽ മറ്റൊരാൾക്ക് അത്ലറ്റിക്സിൽ ഇന്ത്യയിൽനിന്ന് കടന്നുകൂടാൻ കഴിഞ്ഞിട്ടില്ലെന്നത് ഒരു കാരണവശാലും ആരും മറക്കാൻ പാടില്ലാത്തതാണ്. ഇന്ത്യൻ കായികലോകത്തിൽ ഇതുവരെ ആ സ്ഥാനത്തിരിയ്ക്കാൻ മറ്റിരാൾ കടന്നുവന്നിട്ടില്ലെന്നിരിയ്ക്കെ ഇത്രയും മോശമായതരത്തിൽ അവരെ അപമാനിയ്ക്കാൻ തക്ക കാരണം എന്താണെന്ന് അറിയേണ്ടതുണ്ട്. ഉഷയെ അവർ തിരിച്ചറിഞ്ഞില്ലെന്നാണോ അതോ മറ്റെന്തെങ്കിലും കാരണം? ഏതായാലും കേവലം ഒരു പ്രവേശന സ്ലിപ്പിന്റെ പേരിൽ സംസ്ഥാൻനസ്കൂൾ കായിക മേള നടക്കുന്ന എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ പ്രവേശനം നിഷേധിയ്ക്കപ്പെട്ടു എന്നത് മഹാ മോശമായിപ്പോയി. പ്രവേശന പാസ് നിർബ്ബന്ധമാണെങ്കിൽത്തന്നെ അവർക്ക് സ്നേഹപൂർവ്വം ഒരു ബാഡ്ജ് സമ്മാനിച്ചാൽ ഇങ്ങനെ ഒരു അവസ്ഥ സംജാതമാകുന്നതു തടയാമായിരുന്നു. അതുകൊണ്ട് ആകാശമിടിഞ്ഞു വീഴുകയൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ.


ഇത് ആദ്യമായല്ല അവർക്ക് അപമാനം നേരിടേണ്ടി വന്നിട്ടുള്ളത്. ഭോപാലിൽ വച്ചുനടന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ തന്റെ കുട്ടികളുടെ പ്രകടനം കാണാൻ ഏതാണ്ട് ഒൻപതു മണിയോടെ എത്തിയ ഉഷയ്ക്ക് തന്റെ ബാഗ് തോളത്തുനിന്ന് ഒന്നിറക്കിവയ്ക്കാൻ ഒരിടം കിട്ടിയത് മൂന്നുമണിയോടെ. പ്രഭാതകൃത്യങ്ങൾ നിർവ്വഹിയ്ക്കാനോ ഒന്നിരിയ്ക്കാനോ കഴിയാതെ മഴയത്തലഞ്ഞ് ഒടുവിൽ പരിചയമില്ലാത്ത ദേശത്ത് സ്വന്തം നിലയിൽ ഒരു റൂം തരപ്പെടുത്തേണ്ടിവന്നു. ''ഞാന്‍ വലിയ താരമല്ലായിരിക്കാം. രാജ്യത്തിനു വേണ്ടി കുറച്ച് മെഡലുകളെങ്കിലും നേടിയ കായികതാരമെന്ന നിലയ്ക്ക് സ്‌പോര്‍ട്‌സിനോടുള്ള സ്‌നേഹംകൊണ്ടു മാത്രം സ്വന്തം ചെലവില്‍ ഭോപ്പാലില്‍ എത്തിയ എന്നെ മണിക്കൂറുകളോളം നഗരത്തില്‍ ചുറ്റിച്ചതെന്തിനായിരുന്നു?'' എന്ന ഉഷയുടെ അന്നത്തെ ചോദ്യത്തിന് ഇന്നും ആരും മറുപടി കൊടുത്തിട്ടില്ല. രാജ്യത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിയ്ക്കുന്ന കായികതാരങ്ങൾക്ക് ഇന്ത്യയിലെങ്ങും ഇതാണു ഗതിയെങ്കിൽ കായികരംഗത്ത് ആരും വരാതിരിയ്ക്കുന്നതാവും നല്ലത്. അതുതന്നെയാണ് ഉഷയും പറഞ്ഞത്, "ഇതൊക്കെ അനുഭവിയ്ക്കാൻ തയ്യാറുണ്ടെങ്കിൽ മാത്രം ഇതിനൊക്കെ ഇറങ്ങിയാൽ മതി"യെന്ന്. അടിസ്ഥാന സൗകര്യങ്ങളോ സാഹചര്യങ്ങളോ വേണ്ടത്രയില്ലതെയാണ് നമ്മുടെ കായിക പ്രതിഭകൾ പരിശീലനത്തിനിറങ്ങുന്നത്. വേണ്ടത്ര പരിഗണന കൊടുക്കാതിരിയ്ക്കുന്നതിനു പുറമേ ഇത്തരത്തിലുള്ള അവഗണനകളും അപമാനവും നാളെ നമുക്കും പ്രതിഫലമാണെന്ന തിരിച്ചറിവിൽ കായികരംഗത്തു നിന്ന് പുറം തിരിയാൻ അവരെ ഒരു പക്ഷേ പ്രേരിപ്പിച്ചേക്കാം.

1984ലെ ലോസ്ഏഞ്ജൽസ് ഒളിമ്പിക്സിനു ശേഷം ഉഷയ്ക്ക് അഭനന്ദനക്കത്തയയ്ക്കാൻ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് മത്സരമായിരുന്നു. പി.ടി. ഉഷ, ഇന്ത്യ എന്നു മാത്രം മേൽവിലാസമെഴുതിയ കത്തുകൾ അവരെത്തേടി എത്തിക്കൊണ്ടിരുന്നു. പത്രത്താളുകളിൽനിന്ന് ഉഷയുടെ ചിത്രം വെട്ടിയെടുത്ത് മേൽവിലാസത്തിന്റെ സ്ഥാനത്തൊട്ടിച്ച് കത്തയച്ചവരും ഉണ്ടായിരുന്നു. ആ കത്തുകളെല്ലാം ഇന്നും അവർ സൂക്ഷിയ്ക്കുന്നുമുണ്ട്. അന്ന് അവർക്കു ആശംസകൾ അയയ്ക്കാനും അതിനുമറുപടി ലഭിയ്ക്കാനും ഭാഗ്യം സിദ്ധിച്ച ഒരാളെന്ന നിലയിൽ ഒരു പ്രതികരണം എഴുതണമെന്നു തോന്നി. അന്ന് ഉഷയ്ക്ക് കത്തയച്ചവരിൽ ഒരുപക്ഷേ ഏറ്റവും പ്രായം കുറവ് എനിയ്ക്കായിരിയ്ക്കണം. കേവലം ഒൻപതു വയസ്സു മാത്രമായിരുന്നു അന്ന് എനിയ്ക്കു പ്രായം. ആ ഒൻപതു വയസ്സുകാരന്റെ തിരിച്ചറിവും ആദരവും ബോധവും ഇന്ന് അൻപതു വയസ്സുകാർ പോലും അവരോട് കാണിയ്ക്കുന്നില്ലല്ലോ എന്നതോർക്കുമ്പോൾ വല്ലതെ വേദന തോന്നുന്നു.

ഉഷയുമായി ഇന്നുനടന്ന സംഭാഷണത്തിന്റെ രത്നച്ചുരുക്കം..


ഇന്നലെ താങ്കൾക്ക് ഗ്രൗണ്ടിലേയ്ക്ക് പ്രവേശനം നിഷേധിച്ചതിനെപ്പറ്റി....

 സാധാരണക്കാരായ ധാരാളം പേർക്ക് ഗ്രൗണ്ടിലേയ്ക്ക് പ്രവേശനം അനുവദിച്ച അതേസമയം തന്നെയാണ് എനിയ്ക്ക് അതു നിഷേധിച്ചത്. ഗ്രൗണ്ട്‌പാസില്ലാതെ കടത്തിവിടില്ലെന്ന് വാശിപിടിച്ചു നിൽക്കുന്ന അതേസമയം തന്നെയാണ് ക്രിക്കറ്റ് താരം ശ്രീശാന്തിന് പ്രവേശനം അനുവദിച്ചത്. ഞാൻ നോക്കിനിൽക്കെയാണത്. ഇതിൽനിന്നുതന്നെ വളരെയേറെ വിവേചനം നടക്കുന്നുണ്ട്വെന്നതു വ്യക്തമാണ്. മറ്റു സ്കൂളുകളിൽ നിന്നും വന്നിട്ടുള്ള കായിക താരങ്ങളുടെ കൂടെ വന്നവർക്കാർക്കും ഇങ്ങനെ ഒരനുഭവം ഉണ്ടായതായി അറിവില്ല. മാത്രമല്ല അവരെല്ലാം നിർബാധം സഞ്ചരിയ്ക്കുന്നുണ്ടായിരുന്നു. കാർഡില്ലാതെ കടത്തിവിടില്ലെന്ന് അവർ വാശി പിടിച്ചപ്പോൾ  ഞാൻ തർക്കത്തിനു നിൽക്കാതെ ഗ്യാലറിയിലേയ്ക്കു പോവുകയായിരുന്നു.

എന്താണ് താങ്കൾക്ക് ഇങ്ങനെ ഒരനുഭവമുണ്ടാവാൻ കാരണമായി താങ്കൾക്കു തോന്നുന്നത്?

മറ്റുള്ളവരെക്കാൾ മികച്ച കുറേയേറെ കുട്ടികളെ പരിശീലിപ്പിയ്ക്കാനും ശരിയാം വണ്ണം പരിപാലിയ്ക്കാനും എനിയ്ക്കു കഴിയുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. അതിൽ ഒരു പക്ഷേ മറ്റുള്ളവർക്ക് വിരോധമുണ്ടാവാം. സ്പോർട്സ് സ്കൂൾ തുടങ്ങുമ്പോൾത്തന്നെ ഒരു പാടു പ്രശ്നങ്ങളെ അഭിമുഖീകരിയ്ക്കേണ്ടി വന്നിട്ടുണ്ട്.പല ഭാഗങ്ങളിൽ നിന്നുള്ള എതിർപ്പുകളെ അതിജീവിച്ചാണ് സ്കൂൾ തുടങ്ങിയത്. ഇന്നും അതിന്റെ ചില്ലറ പ്രശ്നങ്ങൾ നേരിടുന്നുമുണ്ട്. മറ്റുള്ളവർക്ക് അഴിമതി നടത്താൻ സാഹചര്യമില്ലാത്തതിനാലാവണം ഒരു പക്ഷേ ഈ എതിർപ്പ്. മറ്റുള്ളവരേക്കാൾ മികച്ച രീതിയിലാണ് ഞങ്ങൾ കായികതാരങ്ങളെ വാർത്തെടുക്കുന്നത്. അതും ഒരു പക്ഷേ കാരണമാവാം.

പ്രവേശനം നിഷേധിച്ചപ്പോൾ വിഷമം തോന്നിയില്ലേ?

അതില്ലാതിരിയ്ക്കില്ലല്ലോ... പക്ഷേ അതിനേക്കാൾ കൂടുതൽ വിഷമം പ്രവേശനം നിഷേധിയ്ക്കപ്പെട്ട് ഞാനവിടെ നില്ക്കുമ്പോൾത്തന്നെ മറ്റു പലരെയും കടത്തിവിടുന്നതു കണ്ടപ്പോഴാണ് എനിയ്ക്കു തോന്നിയത്. ഞാനവിടെ നിൽക്കുമ്പോഴാണ് ശ്രീശാന്തിനെ കടത്തിവിട്ടത്. എനിയ്ക്ക് ആദ്യമായല്ല ഇങ്ങനെയൊരനുഭവം. മുമ്പു പലപ്പോഴും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ വച്ച്  ഇതിനു മുമ്പും അനുഭവിയ്ക്കേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യയിൽ മറ്റൊരു കായിക താരത്തിനും ഇത്രയേറെ അവഗണന ഉണ്ടായിട്ടുണ്ടാവില്ല.

ഇന്ത്യൻ ദേശീയ കായിക വിനോദത്തെ മറന്ന്, മറ്റുള്ള കായികവിനോദങ്ങളെയെല്ലാം മറന്ന് ഇരുപത്തിരണ്ട് കുട്ടിച്ചാക്കുകളെക്കൊണ്ട് ഇന്ത്യയിലെ സാധാരണക്കാരന്റെ സമയവും സാമ്പത്തികവും കൊള്ളയടിയ്ക്കുന്ന കൊള്ളക്കളിയ്ക്ക് കൊടുക്കുന്നതിന്റെ നൂറിലൊന്നു പരിഗണനയെങ്കിലും ഇന്ത്യയിലെ മറ്റു കായിക വിഭാഗങ്ങൾക്കു നൽകിയെങ്കിൽ, ക്രിക്കറ്റിലെ മഹാരഥന്മാർക്കു നൽകുന്നതിന്റെ ആയിരത്തിലൊരു ഭാഗമെങ്കിലും പരിഗണന ഇന്ത്യയിലെ മറ്റു കായിക താരങ്ങൾക്കു കൊടുത്തിരുന്നെങ്കിൽ ഇന്ത്യൻ കായികരംഗം എന്നേ അഭിവൃദ്ധി പ്രാപിച്ചേനെ. ഇവിടെ എന്താണ് ഉഷ ചെയ്ത കുറ്റം? ഇന്ത്യയിലെ നൂറുകോടി മനുഷ്യകണങ്ങളുടെ അഭിമാനമായതോ? ലാഭേച്ഛ കൂടാതെ രാജ്യത്തിന്റെ യശ്ശസ്സുയർത്താൻ കഴിവും പ്രാപ്തിയുമുള്ള ഒരു കൂട്ടം കായികതാരങ്ങളെ വാർത്തെടുക്കുന്നതോ? അർഹതയുള്ളവരെ അംഗീകരിയ്ക്കാനും അവരെ ബഹുമാനിയ്ക്കാനും നമ്മൾ പഠിയ്ക്കുന്നതെന്നാണ്? രാജ്യത്തിന്റെ അഭിമാനമായ ഈ നക്ഷത്രങ്ങളെ ആദരിയ്ക്കുന്നതെങ്ങനെയെന്ന് നാം തീർച്ചയായും തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ തിരിച്ചറിയുന്ന സമൂഹത്തിൽ മാത്രമേ ഉഷയ്ക്കോ അതുപോലെ സാധാരണക്കരായ മറ്റുള്ള പ്രതിഭകൾക്കോ പരിഗണന പ്രതീക്ഷിയ്ക്കേണ്ടതുള്ളൂ. പി.ടി. ഉഷയുടെ വാക്കുകൾ തന്നെ നമുക്ക് കടമെടുക്കാം.

"ഇതൊക്കെ അനുഭവിയ്ക്കാൻ തയ്യാറാണെങ്കിൽ മാത്രം ഈ രംഗത്തേയ്ക്ക് ഇറങ്ങിയാൽ മതി"

Sunday

ആ മനുഷ്യൻ നീയാകാതിരിക്കട്ടെ...

വാർത്തയുടെ പിന്നാമ്പുറവും വരുംവരായ്കയും ആരും ചികയില്ലെന്ന തോന്നലുകൊണ്ടാവണം ഇപ്പോൾ മാധ്യമങ്ങൾ പല വാർത്തകളും മര്യാദയില്ലാത്ത കോലത്തിൽ അടിച്ചു വിടുന്നത്. ചിലതു സത്യവും ചിലത് അർദ്ധസത്യവും ചിലത് സ്വയം നിർമ്മിയ്ക്കുന്നതും മറ്റുചിലതാവട്ടെ ആരെങ്കിലും പടച്ചുവിടുന്നതിനെ അപ്പടി മഷിപുരട്ടുന്നതുമാണ്. തങ്ങളുടെ മാധ്യമത്തിന് ആളെക്കൂട്ടാനെന്നവണ്ണം വാർത്തകൾ പ്രസിദ്ധീകരിയ്ക്കുന്നത് ഇന്ന് ഒരു ഹോബിയായി നമ്മുടെ മാധ്യമങ്ങൾ പ്രവർത്തിച്ച് ആവർത്തിച്ചുകൊണ്ടേയിരിയ്ക്കുന്നു. അതിനു വേണ്ടി ലൈവു ചർച്ചകൾ സംഘടിപ്പിയ്ക്കുന്നു. പക്ഷേ ഇതെല്ലാം ചിലർക്കെങ്കിലും വിഷമമുണ്ടാക്കുന്നുണ്ടെന്നതും തങ്ങളെപ്പോലെ ചോരയും ചിന്തയുമുള്ള മറ്റൊരാളെക്കുറിച്ചാണ് ഇതൊക്കെ സംഘടിപ്പിയ്ക്കുന്നതെന്നതും സൗകര്യപൂർവ്വം മറക്കുന്നു. ആരാന്റെ പല്ലിടയിൽ കുത്തി മണപ്പിയ്ക്കുന്നത് അല്ലെങ്കിലും നമുക്ക് രസമാണല്ലോ...

കളവുകേസിൽ ശിക്ഷിയ്ക്കപ്പെട്ട ഒരാൾ അതിന്റെ ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തുവന്ന് മാനസാന്തരപ്പെട്ട് നന്നായി ജീവിയ്ക്കുമ്പോഴാകും നാട്ടിൽ മറ്റൊരു കളവു നടക്കുക. നിശ്ചയമായും നിയമപാലകർ ആദ്യം അന്വേഷിച്ചെത്തുന്നത് ആ മനുഷ്യനെയായിരിയ്ക്കും. തെറ്റു ചെയ്തോ ഇല്ലയോ എന്നത് പിന്നത്തെ കാര്യം, ടിയാനെ ഒരു പരുവമാക്കാതെ അവർക്ക് ഇരിയ്ക്കപ്പൊറുതിയുണ്ടാവില്ല. ഒരുതവണ കട്ടവൻ അവൻ പിന്നെ തെറ്റു ചെയ്തില്ലെങ്കിലും എന്നും കള്ളനായിത്തന്നെ അറിയപ്പെടണമെന്നത് ആർക്കൊക്കെയോ നിർബ്ബന്ധമുള്ളതുപോലെ. ഒരു തവണയെങ്കിലും സ്വന്തം വീട്ടിൽ നിന്നെങ്കിലും കക്കാത്തവൻ ഭൂലോകത്തുണ്ടെന്നു തോന്നുന്നില്ല. ആ നിലയ്ക്ക് പാവം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് കൽപ്പിച്ചാൽ ആരും ഏറുകാരായുണ്ടാവുമെന്നും തോന്നുന്നില്ല. ഇപ്പോഴാകട്ടെ പോലീസുകാരുടെ പണി നാട്ടുകാരും ഏറ്റെടുത്ത് ഭംഗിയായി ചെയ്യുന്നുണ്ട്. വടക്കുമാത്രം കണ്ടിരുന്ന ഈ സംസ്കാരശൂന്യ പ്രവൃത്തികൾ ദൈവത്തിന്റെ സ്വന്തം നാട്ടിലും നന്നായി നടപ്പിലാക്കുന്നതിൽ ഇക്കൂട്ടർ വിജയിയ്ക്കുന്നുണ്ട്.

അവസാനമായി ഒരു പ്രമുഖ ചാനലിലെ റിയാലിറ്റിഷോയിലെ മത്സരാർത്ഥിയെയാണ് മലയാളത്തിലേതന്നെ ഒരു പ്രമുഖ പത്രം ശിക്ഷിച്ചിരിയ്ക്കുന്നത്, അല്ലെങ്കിൽ അതിനു മുന്നിട്ടിറങ്ങിയത്. ശിക്ഷ അനുഭവിയ്ക്കേണ്ടി വന്നയാൾ നല്ലവനാണെന്ന അഭിപ്രായമൊന്നും എനിയ്ക്കില്ല. മാത്രമല്ല നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടയാളാണുതാനും. അയാൾ ആരോ ആയിക്കോട്ടെ അയാളും ഈ സമൂഹത്തിൽ ജീവിയ്ക്കുന്നയാളായതിനാൽ ആവശ്യമായ നീതി അയാളുടെ കാര്യത്തിലും നടപ്പാവേണ്ടതുണ്ട്. കവർച്ചക്കേസിലെ പ്രതിയായതുകൊണ്ട് റിയാലിറ്റിഷോയിൽ പങ്കെടുത്തുകൂടെന്ന് എവിടെയാണ് എഴുതിവച്ചിട്ടുള്ളത്? ആരാണ് ആ നിയമം പാസാക്കിയത്? കൊലപാതകക്കേസുകളിലോ ബലാത്സംഗകേസുകളിലോ തീവ്രവാദമുൾപ്പടെ മറ്റുകേസുകളിലോ പ്രതി ചേർക്കപ്പെട്ടവരുടെ വർത്തമാനങ്ങൾ ലൈവായിത്തന്നെ കൊടുക്കാറുണ്ടല്ലോ. അവസാനമായി കേന്ദ്രമന്ത്രിയുടെ കരണത്തടിച്ചവന്റെ നേരെയും നമ്മുടെ മാധ്യമങ്ങൾ ക്യാമറ തിരിച്ചു പറഞ്ഞതെല്ലാം അപ്പടി പ്രക്ഷേപണം ചെയ്യുകയും ചെയ്തു. പത്രക്കാരും മോശമാക്കിയില്ല, പലവാർത്തകളും വായിച്ചപ്പോൾ ഒരു വീരപരിവേഷം അയാൾക്ക് ചാർത്തിക്കൊടുക്കുന്നുണ്ടോയെന്നു തോന്നിപ്പോവുകയും ചെയ്തു. ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും അതേ പരിവേഷത്തോടെതന്നെ അതാഘോഷിച്ചു. ഇപ്പോഴും ആഘോഷിച്ചുകൊണ്ടിരിയ്ക്കുന്നു. ജയിൽ ശിക്ഷയനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഒരാൾ ജയിലിലിരുന്ന് ഏതെങ്കിലും ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിച്ചാൽ അത് വലിയ വാർത്തയായി പ്രസിദ്ധീകരിയ്ക്കാൻ മടിയില്ല. ഏതെങ്കിലും പരീക്ഷയെഴുതി പാസ്സായാലോ അതും വലിയ വാർത്തയാക്കുന്നു, അവരെക്കുറിച്ച് പുകഴ്മപാടുന്നു.

അത് കുറ്റം തെളിയിയ്ക്കപ്പെട്ട് ശിക്ഷ അനുഭവിയ്ക്കുന്നവരുടെ കാര്യം, ഇവിടെ കുറ്റാരോപിതനായ വ്യക്തി ഒരു റിയാലിറ്റിഷോയിൽ പങ്കെടുത്തപ്പോൾ അത് മഹാപരാധമായി ചിത്രീകരിയ്ക്കുന്നു. കുറ്റം തെളിയിയ്ക്കപ്പെട്ടവർ എന്തെങ്കിലും ചെയ്യുമ്പോൾ അത് മഹാകാര്യവും. എന്തിനാണ് ഈ വേർതിരിവെന്നാണ് എനിയ്ക്കു മനസ്സിലാവാത്തത്. കുറ്റാരോപിതന്റെ റിയാലിറ്റിഷോയിലെ പങ്കാളിത്തം കൊടിയ അപരാധമായി വിളിച്ചുപറയുന്നവർ കുറ്റം തെളിയിയ്ക്കപ്പെട്ടവരുടെ മഹിമകൾ ഹൈലൈറ്റു ചെയ്യുന്നതെന്തിനാണ്? അതോ പങ്കാളിയായത് റിയാലിറ്റിഷോയിൽ ആയതുകൊണ്ടാണോ? അത്രയ്ക്കു മഹിമ പറയാൻ എന്താണു റിയാലിറ്റി ഷോയ്ക്കുള്ളത്. സത്യസന്ധമായി നടക്കുന്ന എത്ര റിയാലിറ്റിഷോകൾ നമ്മുടെ ചാനലുകളിലുണ്ട്? എല്ലാം എസ്. എം. എസ്സിന്റെ "ബലത്തിൽ" പൂർണ്ണമാകുമ്പോൾ അർഹരായ എത്രപേരുടെ അമർഷം ക്യാമറയ്ക്കു പിറകിൽ ശാപമായി പെയ്യുന്നുണ്ടാവും!

ഒരു റിയാലിറ്റിഷോയിൽ ഏറ്റവും നന്നായി പെർഫോം ചെയ്ത് ഏറ്റവും കൂടുതൽ മാർക്ക് വൻ വ്യത്യാസത്തിൽ നേടി ഒന്നാം സ്ഥാനക്കാരനായുയർന്നുവന്ന ഹിഷാം എന്ന പാട്ടുകാരൻ ചാനലിന്റെ എസ്. എം. എസ്. കുരുക്കിൽപ്പെട്ട് പുറത്തായകാര്യം മലയാളികൾ മറന്നിട്ടുണ്ടാവില്ലല്ലോ. അതുമായി ബന്ധപ്പെട്ട് ജഡ്ജിംഗ് പാനലിലെ ഒരു പ്രശസ്ഥ തന്റെ എതിർപ്പു പ്രകടിപ്പിച്ച് തുറന്നടിച്ചപ്പോൾ പ്രസ്തുത പാനലിലും ചാനലിലും നിന്ന് അവരെയും പുറത്താക്കി പ്രതികാരം പൂർത്തിയാക്കിയതും നമ്മൾ മറക്കരുത്. സത്യസന്ധമായി നടക്കുന്ന ഷോകളുണ്ടാവാം. ബഹുഭൂരിപക്ഷവും മുൻകൂട്ടി വിധി നിർണ്ണയം നടക്കുന്നതു തന്നെയാണ്. ഹിഷാം അതിന് ഒരു ഉദാഹരണമാണ്.

സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളുമാണല്ലോ ഒരാളെ കുറ്റവാളിയായി തീരുമാനിക്കുന്നതിനും ശിക്ഷവിധിയ്ക്കുന്നതിനും കോടതി മാനദണ്ഡമാക്കുന്നത്. കുറ്റം തെളിയിയ്ക്കപ്പെടാതെ പുറത്തുവരുന്നപക്ഷം നാസറിനെയും നിരപരാധിയായി കാണേണ്ടിവരും. അയാൾക്കുനേരേ കല്ലെറിയുന്നവർക്ക് അപ്പോൾ എന്തു പറയാനുണ്ടാവും? കുറ്റം തെളിയിയ്ക്കപ്പെട്ട് ശിക്ഷയനുഭവിയ്ക്കുന്ന പക്ഷം നാളെ അയാളും ഒരു പുസ്തകമെഴുതിയെന്നിരിയ്ക്കും. ഇപ്പോൾ കല്ലെറിയുന്നവർ അന്ന് വാനോളം പുകഴ്‌ത്തുമായിരിയ്ക്കും. അവസരത്തിനൊത്ത വാർത്തകൾ അവതരിപ്പിയ്ക്കുന്നതിലാണല്ലോ ഇന്ന് മാധ്യമങ്ങൾക്കു കൂടുതൽ താല്പര്യം. രണ്ടുമൂന്നു ദിവസത്തേയ്ക്കുള്ള ചാകരയൊക്കണം. അതിൽക്കവിഞ്ഞുള്ള ആത്മാർത്ഥതയൊന്നും ഇന്ന് വാർത്താവതരണ രംഗത്ത് മാധ്യമങ്ങൾക്കുണ്ടെന്ന് എനിയ്ക്കു തോന്നുന്നില്ല. വലിയ പ്രാധാന്യത്തോടെ പ്രഘോഷിച്ച വാർത്തകളിൽ ഭൂരിഭാഗത്തിനും അനന്തരം എന്തു സംഭവിച്ചു എന്നത് അറിയാൻ ഇന്ന് ഒരു മാർഗ്ഗവുമില്ല. വായനക്കാരോടും ചാനൽ പ്രേക്ഷകരോടും അവ അറിയിയ്ക്കേണ്ട ബാധ്യത വാർത്ത ആഘോഷിച്ചവർക്കില്ലല്ലോ! സൗമ്യ വധക്കേസു മാത്രമാണ് സമീപകാലത്തായി ഇതിനൊരപവാദമായി നിലകൊണ്ടത്.

ഏതെങ്കിലും ഒരു കേസിലെ പ്രതിയെ ഇരയായി കിട്ടുമ്പോൾ അവരും മനുഷ്യരാണെന്നതു മറന്ന് മാധ്യമങ്ങൾ ആഘോഷമാക്കുന്നതിനോട് എനിയ്ക്ക് യോജിപ്പില്ല. കുറ്റവാളിയെന്ന ലേബൽ മറന്ന് സമൂഹത്തിൽ നന്നായി നല്ലവരായി ജീവിയ്ക്കാനുള്ള സാഹചര്യം തേടുന്ന ഒരു കൂട്ടരെയെങ്കിലും ഇത് ക്രൂരമായി ബാധിയ്ക്കുന്നുണ്ടാവും. സമൂഹത്തെ സമുദ്ധരിയ്ക്കാൻ നടക്കുന്നവർക്ക് ഈ ചിന്തയില്ലാതെ പോകുന്നത് കഷ്ടം തന്നെ. സമൂഹത്തിൽ ആരും കുറ്റവാളിയായി ജനിയ്ക്കുന്നില്ലെന്നിരിയ്ക്കെ താൻ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ചതിനു ശേഷം സ്വയം തെറ്റുതിരുത്തി സമൂഹത്തിന്റെ ഭാഗമാവാൻ ഒരാൾ ആഗ്രഹിച്ചാൽ അയാൾക്ക് അതിനുള്ള അവസരം ഒരുക്കിക്കൊടുക്കുകയല്ലാതെ മറ്റെന്താണ് നമ്മൾ ചെയ്യേണ്ടത്? തെറ്റു ചെയ്യുന്നവർ ആരായാലും ശിക്ഷിയ്ക്കപ്പെടണം. പക്ഷേ അതിനു മുമ്പുള്ള മാധ്യമ വിചാരണയും ശിക്ഷാ വിധിയും ഒഴിവാക്കുകതന്നെ വേണം. അതുകൊണ്ടുതന്നെ ആവശ്യത്തിൽക്കവിഞ്ഞ പ്രാധാന്യം ഇത്തരം വാർത്തകൾക്കു നൽകേണ്ടതില്ല.

വാർത്താമാധ്യമങ്ങളിൽക്കൂടി പുറത്തുവരുന്ന വാർത്തകളിൽ എത്രയെണ്ണം സംസ്കാര സമ്പന്നരായ ഒരു ജനതയെ വാർത്തെടുക്കുന്നതിന് ഉതകുന്നുണ്ടെന്ന് നാം ചിന്തിയ്ക്കേണ്ടതുണ്ട്. പത്രങ്ങളിലും ചാനലുകളിലും നിറയുന്ന വാർത്തകളെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ. പീഢനം, കൊലപാതകം, മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടിപോകൽ, അടിപിടി, കത്തിക്കുത്ത്, സമരങ്ങൾ, വാഹനങ്ങൾ കത്തിയ്ക്കൽ, ബന്ദ്, ഹർത്താൽ, പണിമുടക്ക് എന്നുവേണ്ട ഇത്തരത്തിലുള്ള വാർത്തകളായിരിയ്ക്കും നമുക്ക് കേൾക്കാൻ കഴിയുക. ചാനൽ മാധ്യമങ്ങൾ അവ ദൃശ്യവത്കരിക്കുകകൂടി ചെയ്യുന്നതോടെ സംഗതി ക്ലീനാകുന്നു. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്ന പുതു തലമുറ ഇതൊക്കെ മാത്രമാണ് ഇവിടെ നടക്കുന്നതെന്നു വിശ്വസിച്ച് അതിനെ അനുകരിച്ച് സ്വയം കുറ്റവാളികളായി മാറുമ്പോൾ അതിന് നാം ആരെ കുറ്റം പറയണം ?

കാരുണ്യം, ദീനാനുകമ്പ, പരസഹായം, സഹവർത്തിത്വം തുടങ്ങിയവ സംബന്ധിച്ചുള്ള വാർത്തകൾ ഒരിഞ്ച് ഒറ്റക്കോളം വാർത്തയാക്കാതെ അത്യാവശ്യം വലുപ്പത്തിൽത്തന്നെ കൊടുക്കാൻ നമ്മുടെ മാധ്യമങ്ങൾ തയ്യാറാവണം. ലോകത്ത് നന്മയെന്ന മറുവശംകൂടിയുണ്ടെന്ന് പുതിയ തലമുറയെങ്കിലും മനസ്സിലാക്കട്ടെ. അതനുസരിച്ചു നടക്കാൻ അവർ സ്വയം തയ്യാറായിക്കൊള്ളൂം. കാരണം കാണുന്നതും കേൾക്കുന്നതും അനുകരിക്കാനാണ് എല്ലാരും ശ്രമിയ്ക്കുന്നത്. അതുകൊണ്ടുതന്നെ നല്ല വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്നതു തന്നെയാണ് സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയ്ക്ക് ഏറ്റവും നന്നാവുക. കുറ്റവാളുകളെ കൊടും കുറ്റവാളികളും സാധാരണക്കരനെ കുറ്റവാളികളാക്കാനുമല്ല മാധ്യമങ്ങൾ ശ്രമിയ്ക്കേണ്ടത്. നല്ലവാർത്തകൾക്ക് പ്രാധാന്യം കൊടുക്കുക, മറ്റുവാർത്തകൾ അറിയാൻ മാത്രമായി ക്രമേണ ഒതുങ്ങട്ടെ. അതിക്രമ വാർത്തകൾ മാത്രം വായിച്ച് അത്തരത്തിലുള്ള വാർത്തകൾ മാത്രം ഇഷ്ടപ്പെടുന്ന അതുമാത്രം ശ്രദ്ധിയ്ക്കുന്ന തരത്തിലുള്ള ബഹുഭൂരിപക്ഷത്തെ സൃഷ്ടിച്ചതു നമ്മുടെ മാധ്യമ സമൂഹം തന്നെയാണ്. അതുകൊണ്ടുതന്നെ സമൂഹത്തിനു നേർവഴി തെളിച്ചുകൊടുക്കേണ്ട ബാധ്യതയും അവർക്കുള്ളതാണ്.

Friday

എന്‍ഡോസള്‍ഫാന്‍ - നേരേ നോക്കുമ്പോള്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചുകോടി ധനസഹായപ്രഖ്യാപനം കേട്ട് ആശ്വാസം പൂണ്ടിരിക്കുന്ന ഒരു സമൂഹത്തെ മനസ്സില്‍ കാണാന്‍ ശ്രമിക്കുന്നവര്‍ പ്രസ്തുത ധനസഹായം അര്‍ഹതയുള്ള കൈകളില്‍ത്തന്നെ എത്തുന്നുണ്ടോയെന്ന് നിരീക്ഷിയ്ക്കുന്നതു നല്ലതാണ്. ആദിവാസി ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട് അനുവദിയ്ക്കുന്ന തുകകള്‍ ആദിവാസികളില്‍ എത്തുന്നില്ല എന്ന വസ്തുത നാം അറിയുന്നതുപോലെ, അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ലഭ്യമായിട്ടുണ്ടെങ്കില്‍ അതു നാമമാത്രമാണെന്നതു പോലെയാവരുത് ഈ ധനസഹായം. കാലാകാലങ്ങളില്‍ അനുവദിയ്ക്കുന്ന തുകകള്‍ യഥാര്‍ത്ഥ കൈകളില്‍ത്തന്നെ എത്തുന്നുണ്ടായിരുന്നെങ്കില്‍ ഇന്ന് സമൂഹത്തില്‍ ദരിദ്രനാരായണന്മാര്‍ ഉണ്ടാവുമായിരുന്നില്ല എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഇവിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അനുവദിച്ച തുകയെങ്കിലും കൃത്യമായി വിതരണം ചെയ്യപ്പെടട്ടെ എന്ന് നമുക്ക് ആശിക്കാം. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന് ദുരിതമേഖലയില്‍ക്കൂടി അറിവിന്റെ നേര്‍ക്കാഴ്‌ച അറിയാനുള്ള ഞങ്ങളുടെ യാത്രയില്‍ ദുരിതവാഹകരുടെ യഥാര്‍ത്ഥ പ്രശ്നം കുറച്ചെങ്കിലും മനസ്സിലായതിനാല്‍ അതൊന്നു വിളിച്ചുപറയാതെ പോയാല്‍ അവരോടുചെയ്യുന്ന വലിയ അനീതിയാവുമെന്ന തിരിച്ചറിവാണ് ഈ കുറിപ്പിനാധാരം. ചിത്രങ്ങള്‍ ധാരാളമെടുത്തെങ്കിലും അവരെയെല്ലാം ഇവിടെ കാഴ്‌ചവസ്തുക്കളാക്കാന്‍ ഒരു പ്രയാസം. വസ്തുതകള്‍ മനസ്സിലാക്കി തുടര്‍ന്നെങ്കിലും അധികാരികളും സമൂഹവും ഇവരോടു കരുണകാണിക്കുവാന്‍ കുറച്ചെങ്കിലും ഇതുതകുമെങ്കില്‍ ധന്യനായി.

കാസറഗോഡ് റയില്‍വേസ്റ്റേഷനു പുറത്തെത്തിയപ്പോള്‍ ആദ്യം കണ്ടത് പുഞ്ചിരിക്കുന്ന മുഖവുമായി ഞങ്ങളെക്കാത്തു നില്‍ക്കുന്ന വല്‍സന്‍മാഷിനെയാണ്. വേദനിക്കുന്ന സമൂഹത്തിന്റെ സാന്ത്വനങ്ങളില്‍ ഒന്നായ അദ്ദേഹം ഞങ്ങളുടെ യാത്രയ്ക്കായി വാഹനവും റെഡിയാക്കി നിര്‍ത്തിയിരുന്നു. ആറിലധികം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന എണ്‍ഡോസള്‍ഫാന്‍ ദൈന്യതയുടെ ഓരോമൂലയും മനസ്സും ദൈന്യതയുമറിയുന്ന ഡ്രൈവര്‍ വിജയന്‍ എന്ന സഹജീവിസ്നേഹിയില്‍ത്തന്നെ ഞങ്ങളെ ഏല്പിച്ചു അദ്ദേഹം. പിന്നീടുള്ള യാത്രയില്‍ അതെത്രയേറെ ഉപകാരപ്പെട്ടു എന്നത് പറഞ്ഞറിയിക്കാന്‍ പറ്റില്ല.തുടര്‍ന്നും യാത്രനടത്തുന്നവര്‍ക്ക് ഉപകാരപ്പെടാന്‍ വേണ്ടി ഇതിവിടെ കുറിച്ചിട്ടു പോകുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതം മലയാളമനസ്സുകളിലേക്ക് ആദ്യമായി വിളിച്ചുപറഞ്ഞ, പ്രസ്തുത പ്രദേശത്ത് അധിവസിക്കുന്ന പുല്‍ക്കൊടിപോലും അബ്‌ദുച്ചയെന്ന ഓമനപ്പേരില്‍ തിരിച്ചറിയുന്ന കെ. എസ്. അബ്ദുല്ലയെന്ന മനുഷ്യസ്നേഹിയാണ് ദുരിതമനുഭവിക്കുന്ന സഹജീവികളെ പരിചയപ്പെടുത്താന്‍ ഞങ്ങളുടെ വഴികാട്ടിയായി സന്ദര്‍ശകയാത്രയുടെ യഥാര്‍ത്ഥ തുടക്കം കുറിച്ച മഞ്ഞമ്പാറയില്‍ കാത്തുനിന്നത്. 1997ല്‍ ഗുരുതരമായ പ്രതിസന്ധി തിരിച്ചറിഞ്ഞമുതല്‍ അദ്ദേഹം നിസ്വാര്‍ത്ഥ സേവനരംഗത്തുണ്ട്.

മുട്ടിനുമുട്ടിനു പദ്ധതികള്‍ പ്രഖ്യാപിയ്ക്കുന്ന ഭരണകൂടങ്ങളുടെ തിമിരം ബാധിച്ച കണ്ണുകളില്‍ കാണാതെ പോയ, അല്ലെങ്കില്‍ അവര്‍ മന:പൂര്‍വ്വം കണ്ടില്ലെന്നു നടിയ്ക്കുന്ന നടുക്കുന്ന പല കാഴ്ചകളും അവിടെ ഞങ്ങള്‍ക്കു കാണേണ്ടിവന്നു. നിരവധിതവണ ഭവനനിര്‍മ്മാണസഹായം ആവശ്യപ്പെട്ട് അപേക്ഷനല്‍കി നിരാശയില്‍ മുങ്ങിക്കഴിയുന്ന ഗുലാബിയെന്ന പാവം വീട്ടമ്മയുള്‍പ്പടെ അനവധി കുടുംബങ്ങളെ ഞങ്ങള്‍ കണ്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചിത്രങ്ങള്‍ ആഘോഷപൂര്‍വ്വം കൊടുക്കുന്ന മാധ്യമങ്ങളും മത്സരിച്ചു ചിത്രമെടുക്കുന്ന സന്ദര്‍ശകരും ഇവരുടെ യഥാര്‍ത്ഥപ്രശ്നം മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി. ദുരിതമേഖലകളില്‍ പോകുമ്പോള്‍ വെറുംകയ്യോടെ പോകരുതെന്ന വല്‍സന്‍മാഷിന്റെ സ്നേഹപൂര്‍വ്വമായ നിര്‍ദ്ദേശത്തിന്റെ പൊരുളറിഞ്ഞ നിമിഷങ്ങളായിരുന്നു അപ്പോള്‍.

യാതൊരു നിയന്ത്രണവുമില്ലാതെ ഹെലിക്കോപ്റ്ററിലുള്ള മരുന്നുതളിയുടെ സമ്പാദ്യം നന്നായി അനുഭവിക്കുന്ന ഗുലാബിയുടെ വീടാണ് ആദ്യം ഞങ്ങള്‍ സന്ദര്‍ശിച്ചത്. വീട് എന്നു പറയാന്‍ സാധിക്കില്ല.ഏതാണ്ട് രണ്ടര മീറ്റര്‍ വീതിയും നാലുമീറ്ററോളം വീതിയുമുള്ള ഒരു ആറുകാല്‍ പുര. മൂറിയുടെ മദ്ധ്യത്തില്‍ ഏഴാമതൊരുകാല്‍ നാട്ടിയിരിക്കുന്നു. മണ്ണു കുഴച്ചുണ്ടാക്കിയ കട്ടകള്‍ മൂന്നുവരിയില്‍ പടുത്തിരിക്കുന്നതാണ് പുരയുടെ ചുമരും ഇരിപ്പിടവും. ഒരു മൂലയില്‍ വല്ലപ്പോഴും പുകയുന്ന അടുപ്പ്. മുകളില്‍ പോളിത്തീന്‍ ഷീറ്റ് വലിച്ചു കെട്ടിയിട്ടുണ്ട്. നടക്കാന്‍ കഴിയാതെ നിലത്തു വിരിച്ച പായയില്‍ ശൂന്യതയിലേയ്ക്ക് കണ്ണും നട്ടിരിയ്ക്കുകയായിരുന്നു അവര്‍. ഭര്‍ത്താവ് ഗോപാലന് വല്ലപ്പോഴും അടക്കപൊളിക്കല്‍ ജോലിയില്‍ ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് അവരുടെ ജീവിതം. പോഷകാഹാരക്കുറവുമൂലം ശോഷിച്ച നാലുമക്കളുടെ വിശപ്പിന്റെ അന്നത്തെവിളിക്ക് ശമനമേകാന്‍ ആ മറയില്ലാപ്പുരയിലെ അടുപ്പില്‍ തീ പുകഞ്ഞിട്ടില്ലായിരുന്നു.

ഫക്രുദ്ദീന്‍ ആയിശ ദമ്പതികളുടെ ആറുമക്കളില്‍ പതിനാലും ഒന്‍പതും വയസ്സുള്ള ആബിദ, സാഹിറ എന്നീ കുട്ടികളെയാണ് പിന്നെ ഞങ്ങള്‍ കണ്ടത്. കയ്യിലിരുന്ന പഴുത്ത ചക്കച്ചുള തിന്നാനുള്ള ശ്രമം ഞങ്ങള്‍ അവിടം വിടുംവരെ പൂര്‍ത്തിയായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങള്‍ വേണ്ടുവോളമുള്ള ബീഫാത്തിമ എന്ന വൃദ്ധമാതാവിന്റെ മുപ്പതു വയസ്സുള്ള ഏകമകള്‍ ആയിഷ എന്‍ഡോസള്‍ഫാന്റെ മറ്റൊരിരയായി ജീവിതം തള്ളിനീക്കുന്നു. എലിക്കളം സ്വദേശി അസൈനാറിന്റെ മകള്‍ പതിനൊന്നു വയസ്സുകാരി അസീറ ജന്മനാതന്നെ എന്‍ഡോസള്‍ഫാന്റെ ക്രൂരതയുടെ മറ്റൊരിരയാണ്. ഇരു വശത്തേക്കും അതിശക്തമായി തലചലിപ്പിച്ചു പേടിയോടെ ഞങ്ങളെ നോക്കുകയായിരുന്നു അവള്‍. ഞങ്ങളുടെ സാന്നിധ്യം അവള്‍ക്ക് ഭീതിദായകമായി അനുഭവപ്പെടുന്നുണ്ടെന്ന തിരിച്ചറിവില്‍ പെട്ടെന്നുതന്നെ ആ വീടിന്റെ പടിയിറങ്ങി. അവളുടെ സഹോദരി മാരകവിഷത്തിന്റെ രക്തസാക്ഷിയായ വിവരം അബ്‌ദുച്ച ഞങ്ങളെ അറിയിച്ചു.

ആകാശത്തുനിന്നുള്ള മരുന്നുതളി തുടങ്ങുന്നതിനു മുമ്പ് പ്രഷര്‍പൈപ്പില്‍ മരുന്നുതളി തുടങ്ങിയ അപ്പു എന്ന അന്‍പത്തേഴുകാരനില്‍ നിന്ന് അനുഭവപാഠങ്ങള്‍ ഞങ്ങള്‍ക്കു ധാരാളം കിട്ടി. പതിനഞ്ചുവര്‍ഷത്തെ കോര്‍പ്പറേഷന്‍ സേവനത്തിനൊടുവില്‍ ദുരിതം ബാക്കിയായി. സമീപ ഗൃഹങ്ങളിലെല്ലാം ഏതെങ്കിലും തരത്തില്‍ എന്‍ഡോസള്‍ഫാന്റെ ദുരിതമനുഭവിക്കുന്നവര്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞറിഞ്ഞു. താമസം കര്‍ണ്ണാടക അതൃത്തിയിലായതിനാല്‍ ഏറെ ദുരിതമനുഭവിക്കുന്ന മറ്റൊരു കുടുംബമാണ് നാസര്‍ എന്ന ഇരുപത്തൊന്നുകാരന്റേത്. സഹോദരി റാബിയ (22) ആറുമാസം മുമ്പ് മരിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മരുന്നുതളിയാണ് ഈ കുടുംബത്തെ നശിപ്പിച്ചത്. വീട് കര്‍ണ്ണാടകത്തിലായതിനാല്‍ കേരളാസര്‍ക്കാര്‍ കയ്യൊഴിയുന്നു. കര്‍ണ്ണാടക സര്‍ക്കാരിന് എന്‍ഡോസള്‍ഫാന്‍പ്രശ്നം ഇല്ലല്ലോ! തോരപ്പന്‍ മണിയാനി - ശാരദ ദമ്പതികളുടെ മകള്‍ സൌമ്യശ്രീ (19) ജന്മനാതന്നെ ദുരന്തംപേറുന്ന ജന്മമാണ്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ മലിനജലം താഴേക്ക് അരിച്ചിറങ്ങി താഴ്‌വാരത്തുടലെടുക്കുന്ന അരുവികളില്‍ ലയിച്ച് താഴേക്കൊഴുകിയ ജലം ഏതെങ്കിലും വിധത്തില്‍ ഉപയോഗപ്പെടുത്തിയ എല്ലാരും ഇന്ന് ദുരന്തമനുഭവിക്കുന്നവരാണെന്നതാണ് വസ്തുത. പക്ഷേ ആറുവര്‍ഷത്തോളമായി പ്ലാന്റേഷന്‍കോര്‍പ്പറേഷന്‍ തൊഴിലാളിയായി തുടരുന്ന മുഹമ്മദ്‌കുഞ്ഞിന്റെ അഭിപ്രായത്തില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്നകാരിയേ അല്ല. എന്‍ഡോസള്‍ഫാന്‍ ആരെയും കഷ്ടത്തിലാക്കിയിട്ടില്ലെന്നും നിലവിലുള്ള പ്രശ്നങ്ങള്‍ മറ്റെന്തോ കാരണങ്ങള്‍ കൊണ്ടാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കാര്യമെന്തൊക്കെയായാലും എന്‍ഡോസള്‍ഫാന്‍ എന്നതാണ് ദുരിതമേഖലകളിലെ പ്രധാന പ്രശ്നമെന്ന് എനിക്കു തോന്നുന്നില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതൊന്നും അവര്‍ക്ക് വിഷയമേ അല്ല. അവരെ സമീപിക്കുന്നവരില്‍നിന്ന് അവര്‍പ്രതീക്ഷിക്കുന്നത് മറ്റുപലതുമാണ്. ദുരിതം പേറുന്ന കുടുംബാംഗത്തെ നിരന്തരം കാഴ്‌ചവസ്തുക്കളാക്കേണ്ടിവരുന്നത് അവര്‍ ഒട്ടുംതന്നെ ആഗ്രഹിക്കില്ലെന്ന വിശ്വാസമായിരുന്നു അവിടെ എത്തും വരെ ഉണ്ടായിരുന്നത്. ആ വിശ്വാസത്തിനു നേരേ വിപരീദമായാണ് ഞങ്ങള്‍ക്കവിടെ അനുഭവപ്പെട്ടത്. രോഗബാധിതരെ മുന്നില്‍ നിര്‍ത്തുവാന്‍ അവര്‍ തിടുക്കം കൂട്ടുന്നു. എന്തെങ്കിലും കിട്ടിയാല്‍ അതെത്രയും വേഗത്തിലായാല്‍ അവര്‍ക്ക് അത്രയും ഉപകാരമാണല്ലോ. അവരെ പ്രശസ്തരാക്കുന്നതിനുള്ള ശ്രമത്തിലൂടെ സ്വയം പ്രശസ്തരാവുന്നതു നിര്‍ത്തി അവര്‍ക്ക് ഭക്ഷണവും സാന്ത്വനവും നമുക്കു നല്കാം.

നടക്കാന്‍ കഴിയാതെ അവശതയനുഭവിക്കുന്ന ഗുലാബിയും കുടുംബവും താമസിക്കുന്ന വീട്

ഈ കണ്ണുകള്‍ പ്രതീക്ഷയോടെ തെരയുന്നതെന്തെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടോ? ഭക്ഷണം ഇവര്‍ക്ക് വല്ലപ്പോഴുമെത്തുന്ന അതിഥിയാണ്.

ഗുലാബിയുടെ ദയനീയമായ നോട്ടം ഒരുപാടുകാര്യങ്ങള്‍ ലോകത്തോടു വിളിച്ചുപറയുന്നുണ്ട്. വല്ലപ്പോഴും പടികടന്നെത്തുന്ന സന്ദര്‍ശകര്‍ നല്‍കുന്ന തുക അവരുടെ പ്രതീക്ഷകളാണ്. അവരെ സമീപിയ്ക്കുന്നവരില്‍നിന്ന് ആഗ്രഹിക്കുന്നതും ഒരുനേരത്തെ അന്നത്തിനുള്ള വകയാണ്. ജീവനുള്ള മാംസപിണ്ഡങ്ങളെയും ഗുരുതര വൈകല്യം ബാധിച്ചവരേയും എല്ലാമെല്ലാം നമ്മുടെമുമ്പില്‍ അവര്‍ പ്രദര്‍ശനവസ്തുക്കളാക്കുമ്പോള്‍ അതിനു പ്രചോദനമാകുന്നത് നമ്മള്‍ നല്‍കുന്ന നാണയത്തുട്ടുകളാണ്. അസുഖബാധിതരെ തെരഞ്ഞുപിടിച്ച് കുടുംബത്തില്‍നിന്നകറ്റി റീപ്ലാന്റു ചെയ്യുന്ന ചാരിറ്റി സംരക്ഷണമല്ല അവര്‍ക്കു വേണ്ടത്. കുടുംബത്തോടൊപ്പമുള്ള പട്ടിണി അതിലും മേലെയായി അവര്‍ കാണുന്നു. ഈ പാവങ്ങള്‍ക്ക് അര്‍ഹതപ്പെട ആനുകൂല്യങ്ങള്‍ സമയ നഷ്ടങ്ങളില്ലാതെ എത്തിച്ചുകൊടുക്കാം. ഇപ്പോള്‍ അനുവദിച്ചിട്ടുള്ള അഞ്ചുകോടിയുള്‍പ്പടെയുള്ള ധനസഹായം ചോരാതെ അവര്‍ക്കു ജീവിതങ്ങളാക്കാം. എന്‍ഡോസള്‍ഫാന്‍ ബാധിതരായ അവരുടെ ഭക്ഷണത്തിനാവട്ടെ ഒന്നാമത്തെ പരിഗണന. മുക്കിനു മൂവായിരം സംഘടനകളുള്ള നമ്മുടെ സംസ്ഥാനത്ത് ഓരോ സംഘടന ഓരോ വീടിന്റെ സംരക്ഷണം ഏറ്റെടുത്താല്‍ത്തന്നെ അവരുടെ പട്ടിണിമാറും. ചാനലുകളിലും തെരുവോരങ്ങളിലും ഘോരഘോരം പ്രസംഗിക്കുന്നതുകൊണ്ട് രാഷ്ട്രീയ നേതാക്കള്‍ക്കു ഗുണമുണ്ടാവും. ചാനലിനു ആളെക്കൂടുതല്‍ കിട്ടും. നിറയെ വാര്‍ത്തകള്‍ കൊടുക്കുന്നവര്‍ ഈ സാധുക്കളുടെ യഥാര്‍ത്ഥ ആവശ്യം വിളിച്ചു പറയാന്‍ ആര്‍ജ്ജവം കാട്ടണം. ഇനിയുള്ള ചുവടുകള്‍ പ്രചരണത്തിനല്ല പ്രവര്‍ത്തനത്തിനാവട്ടെ.

Saturday

എന്‍ഡോസള്‍ഫാന്‍ - കണ്ണുണ്ടായാല്‍ പോരാ കാണണം

ഒടുവില്‍ നമ്മള്‍ പ്രതീക്ഷിച്ചതെന്തോ അതുതന്നെ സംഭവിച്ചിരിക്കുന്നു. എന്‍ഡോസല്‍ഫാന്‍ നിരോധനം വേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നു. സ്റ്റോക്ക്‍ഹോം പ്രതിനിധികളുടെ അഞ്ചാം സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ ഇന്ത്യയുടെ നിലപാട് തിരുത്താനും തയ്യാറില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇത്രയധികം ചര്‍ച്ചാവിഷയമായ ഗുരുതരമായ വിഷയം ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് വളരെ നിസ്സാരമായാണു തോന്നുന്നത്. എന്‍ഡോസള്‍ഫാന്റെ വിപത്തുകള്‍ നിരന്തരം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലെ പതിനഞ്ചിലധികം വരുന്ന അന്വേഷണ കമ്മിറ്റികള്‍ അതിന് ക്ലീന്‍ ചിറ്റ് നല്‍കി ആദരിച്ചു. എന്നാല്‍ എന്നാല്‍ എന്‍ഡോസള്‍ഫാനെ മനസ്സിലാക്കാന്‍ ഒരു കമ്മിറ്റിയുടെയും ആവശ്യമില്ല. അത് ദുരന്തം വിതച്ച ദേശങ്ങളിലൂടെ ഒന്നു നടക്കാനുള്ള മനസ്സുണ്ടായാല്‍ത്തന്നെ അതിന്റെ ഭീകരത മനസ്സിലാക്കാം. അതിന് ഒരു പതിനാറാം കമ്മിറ്റി ആവശ്യമുണ്ടെന്നും തോന്നുന്നില്ല.

1977-78 കാലത്ത് കാസറഗോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ തുടങ്ങിവച്ച മരുന്നുതളിക്കല്‍ പ്രക്രിയ ഏതാണ്ട് രണ്ടായിരാമാണ്ടുവരെ തുടര്‍ന്നിരുന്നു എന്നതാണു വസ്തുത. ജില്ലയിലെ പതിനൊന്നു പഞ്ചായത്തുകളിലെ 4500നു മുകളില്‍ വരുന്ന കശുമാവിന്‍ തോട്ടങ്ങളിലെ ഇരുപതു വര്‍ഷത്തിലേറെയുള്ള എന്‍ഡോസള്‍ഫാന്‍ ഉപയോഗം പ്രദേശത്തെ വായു, വെള്ളം, ഭക്ഷണം, ആരോഗ്യം, ജനിതക ഘടന മുതലായവ വിവരിക്കാന്‍ കഴിയാത്തവിധം കേടുവരുത്തിയിട്ടുള്ളതു നമുക്കറിയാം. എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം യഥാര്‍ത്ഥത്തില്‍ അജ്ഞാതമാണ്. സര്‍ക്കാര്‍കണക്കില്‍ അത് ഇരുന്നൂറില്‍ താഴെ മാത്രം. നാമമാത്രമായ സാമ്പത്തിക സഹായം ഒരു വിഭാഗത്തിനു കിട്ടിയെന്നതൊഴിച്ചാല്‍ ബഹുഭൂരിപക്ഷത്തിന്റെയും കാര്യം കഷ്ടമാണ്.

1950ല്‍ അമേരിക്കയില്‍ വികസിപ്പിസിച്ചെടുത്ത ഈ കീടനാശിനി മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ അതിന്റെ ഉല്പാദനവും വിതരണവും ഉപയോഗവും നിര്‍ത്തിവക്കുകയിണ്ടായി. തുടര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങളടക്കം 63ല്‍പ്പരം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. ഓര്‍ഗാനോ ക്ലോറിന്‍ എന്ന പൊതു വിഭാഗത്തില്‍പ്പെടുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനി അമേരിക്കയിലെ Bayer cropscience ആയിരുന്നു. മാനവരാശിയുടെ നിലനില്‍പ്പിന് ദോഷകരമാണെന്നറിഞ്ഞിട്ടുകൂടി 1980കളില്‍ 9000 മെട്രിക് ടണ്‍ കീടനാശിനി ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിച്ചുകൂട്ടി. ഉല്പാദനത്തില്‍ പകുതി കയറ്റുമതിക്കാണ് ഉപയോഗിച്ചത്. എഫിഡുകള്‍, കിഴങ്ങുവണ്ട്, വെള്ളീച്ച, തേയിലക്കൊതുക് തുടങ്ങിയ കീടങ്ങള്‍ക്കെതിരേ പ്രയോഗിക്കുന്ന സാധാരണ കീടനാശിനിയായി വിതരണം നടത്തിയെങ്കിലും അതുപയോഗിക്കുമ്പോഴുണ്ടാകുന്ന ഗുരുതരാവസ്ഥ വൈകാതെ തിരിച്ചറിയുകയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ അശാസ്ത്രീയവും സുരക്ഷിതത്വമില്ലാത്തതുമായ ഉപയോഗമാണ് എന്‍ഡോസള്‍ഫാന്‍ വിനാശകാരിയായ വിപത്താണെന്ന് നമ്മോടു വിളിച്ചുപറഞ്ഞത്.

മനുഷ്യരില്‍ പ്രത്യക്ഷമായിത്തന്നെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇതിന്റെ ഉപയോഗം സൃഷ്ടിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്റെ സാന്നിദ്ധ്യത്തില്‍ ജീവിതം നയിക്കുന്നവരെ സംബന്ധിച്ചിടത്തോളം തലമുറകളോളം പിന്തുടരുന്ന ജനിതക വൈകല്യമാണു ഫലം. ഇത് ഇപ്പോള്‍ ഏറ്റവുമധികം അനുഭവിക്കുന്നതും കാസര്‍ഗോഡ് ജില്ലയിലാണ്. ശരീരാവയവങ്ങളുടെ പ്രവര്‍ത്തന ശേഷി നഷ്ടപ്പെടല്‍, ലൈംഗിക വളര്‍ച്ചാശേഷിയില്ലായ്മ, ബുദ്ധിമാന്ദ്യം മുതലായവ ഇതിന്റെ അനന്തര ഫലങ്ങളാണ്. മനുഷ്യരില്‍ ഒരുകിലോക്ക് 0.006ല്‍ കൂടുതല്‍ ഉള്ളില്‍ ചെന്നാല്‍ ഉടന്‍ മരണമാണു ഫലം. കുട്ടികളിലാകട്ടെ ഇത് 0.0006 മാത്രമാണ്.

എന്‍ഡോസള്‍ഫാന്‍ തളിച്ച കശുമാവിന്‍ തോട്ടങ്ങളില്‍ നിന്ന് നാളിതുവരെ ഒരു ചില്ലിക്കാശ് ലാഭമുണ്ടായിട്ടില്ലെന്നത് ഒരു വസ്തുതയാണ്. തോട്ടങ്ങളിലെ ചെലവിനുള്ള തുക ഇപ്പോഴും കോര്‍പ്പറേഷന്‍ ഫണ്ടില്‍ നിന്നുതന്നെയാണ് എടുക്കുന്നത്. പിന്നെ എന്തിനു വേണ്ടിയാണ് ഒരു വലിയ ജനസമൂഹത്തിന് തീരാദുരിതങ്ങള്‍ സമ്മാനിച്ചതെന്ന് മനസ്സിലാകുന്നില്ല.

ആകാശത്തുനിന്നുള്ള മരുന്നുതളിക്കല്‍ പരിപാടി കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയായിരുന്നുവെന്ന മന്ത്രിസഭയുടെ വിശദീകരണം കോര്‍പ്പറേഷന്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ പൊള്ളത്തരം വിളിച്ചുപറയുന്നുണ്ട്. പത്തുവര്‍ഷത്തിലധികമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിര്‍ത്തിവച്ചിട്ടും തലമുറകള്‍ നീണ്ടുനില്‍ക്കുന്ന ദുരിതം സാമാന്യജനത്തിനു തുടങ്ങിയിട്ടേ ഉള്ളൂ. ഇപ്പോള്‍ നാം കാണുന്നത് എന്‍ഡോസള്‍ഫാന്‍ എന്നതുകൊണ്ട് നമുക്കു സംഭവിക്കുന്ന കൊടിയ വിപത്തിന്റെ തുടക്കം മാത്രമാണെന്നാണ് മനസ്സിലാക്കേണ്ടത്. എന്‍ഡോസള്‍ഫാന്‍ വരുത്തിവച്ചിട്ടുള്ള പ്രശ്നങ്ങള്‍ കേവലം നഷ്ടപരിഹാരത്തില്‍ ഒതുക്കാവുന്ന ഒന്നല്ല. കേന്ദ്രത്തിന്റെ അനുമതിയില്ലാതെയാണ് കഴിഞ്ഞ എട്ടുവര്‍ഷക്കാലം കേരളത്തില്‍ വ്യാപകമായി എന്ഡോസള്‍ഫാന്‍ തളിക്കല്‍ നടത്തിയതെന്ന് കേന്ദ്രം തന്നെ പറയുമ്പോള്‍ ഇതിനെതിരേ നടപടിയെടുക്കാതിരുന്നത് എന്തെന്നുള്ള ചോദ്യം ബാക്കിയാവുന്നു. അനിയന്ത്രിതമായ ഈ മരുന്നുതളിക്കെതിരേ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മ എന്ന മനുഷ്യസ്നേഹി ഹോസ്‌ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ നിന്ന് നേടിയെടുത്ത സ്റ്റേ ഓര്‍ഡര്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടുപഠിക്കേണ്ടതാണ്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഇതുപോലുള്ള ഒരു ചെറിയ വിഭാഗം മാത്രമാണ് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി ശബ്ദിക്കാനുള്ളത്. 35 വര്‍ഷത്തിലധികമായി ആളുകളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന, ശേഷിച്ചവരെ ജീവച്ഛവങ്ങളാക്കി നരകയതന സമ്മാനിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന മഹാമാരിയെ നിസ്സാരവല്‍ക്കരിച്ചു കാണിക്കുന്നത് കണ്ടുനില്‍ക്കാന്‍ പറ്റുന്നില്ല. ജനീവാ കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെ ന്യായീകരിച്ചിരുന്നു. ഇതിനെ വെള്ളപൂശാനുള്ള കുത്സിത ശ്രമങ്ങള്‍തന്നെയാണ് ഇപ്പോഴും നടക്കുന്നത്. എഴുപതില്‍പ്പരം രാജ്യങ്ങള്‍ അപകടം മുന്‍കൂട്ടിക്കണ്ട് വലിച്ചെറിഞ്ഞ ഇതിനെ ക്ലീന്‍ചിറ്റ് നല്‍കി കുടിയിരുത്തുന്നത് ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തം ക്ഷണിച്ചു വരുത്താനാണ്.

എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനത്തില്‍ ഇന്ത്യ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണുള്ളത്. ഉല്‍പാദനത്തിന്റെ പകുതിയും കയറ്റുമതിക്കാണ് ഉപയോഗിക്കുന്നത്. ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡ് ആണു നിര്‍മ്മാണക്കമ്പനി. എന്‍ഡോസള്‍ഫാന്‍ എന്ന പേര് ഉപയോഗിക്കാതെ ഫേസര്‍, ബെന്‍സോയ്‌പിന്‍, തയോണെക്സ്, എന്‍ഡോസില്‍ എന്നിങ്ങനെയുള്ള പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ എന്ന പേര് ബേയര്‍ ക്രോപ് സയന്‍സ് ആണുപയോഗിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതിനു തൊട്ടുമുമ്പു മുതല്‍ മരുന്നുതളിക്കല്‍ കഴിഞ്ഞ് 20 ദിവസം വരെ പ്രദേശത്ത് ആള്‍ക്കാര്‍ താമസിക്കാന്‍ പാടില്ലെന്നാണു കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുള്ളത്. കുളവും കിണറും സമീപത്തുള്ള എല്ലാ ജലസ്രോതസ്സുകളും മൂടിയിടണമെന്നും പ്രസ്തുത നിര്‍ദ്ദേശത്തിലുള്ളതാണ്. മരുന്നുതളിക്കുമ്പോള്‍ പാലിക്കേണ്ട ഉയരം ഇതില്‍ പ്രധാനമാണ്. ഇത്തരം നിയന്ത്രണങ്ങള്‍ മരുന്നുതളിക്കല്‍ പ്രക്രിയയില്‍ പാലിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം എത്രകണ്ട് പ്രായോഗിക തലത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്നത് അന്വേഷിക്കേണ്ടതുണ്ട്. കര്‍ശനമായിത്തന്നെ ഇതെല്ലാം പാലിക്കപ്പെട്ട രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്റെ ദോഷഫലം കുറഞ്ഞതായി റിപ്പോര്‍ട്ടുമില്ല. എന്‍ഡോസള്‍ഫാന്‍ ഉപേക്ഷിച്ചു കൃഷിനടത്തിയ പ്രദേശങ്ങളിലൊന്നും തന്നെ ഉല്‍പാദനത്തില്‍ കുറവു വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പക്ഷേ ഇന്ത്യന്‍ ഭരണകൂടം ഈ സ്ഥിതിഗതികളും വാദഗതികളും പാടേ തിരസ്കരിക്കുന്നതാണ് നാം കാണുന്നത്.

National Institute of Occupational Health എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പഠനറിപ്പോര്‍ട്ട് കാസറഗോഡ് ജില്ലയിലെ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള കാരണം എന്‍ഡോസള്‍ഫാനാണെന്ന് ഉറപ്പിച്ചു പറയുന്നു. 1968ലെ ഇന്ത്യന്‍ ഇന്‍സെക്ടിസൈഡ് ആക്ടിന്റെ (Indian Insecticide Act) ഗുരുതരമായ ലംഘനമാണ് ഇവിടെ എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചതിലൂടെ നടന്നത്. ഇതുവരെയുള്ള പഠനങ്ങളെല്ലാം എന്‍ഡോസള്‍ഫാനെതിരെയാണു വിരല്‍ ചൂണ്ടുന്നത്. മാനവരാശിയെ ഒന്നാകെ തീരാ ദുരിതത്തിലാഴ്ത്തുന്ന ഈ കൊടിയ വിപത്തിനെ എന്തു ത്യാഗം സഹിച്ചും നമുക്ക് ഒഴിവാക്കിയെടുക്കേണ്ടതുണ്ട്.

Sunday

സ്‌ത്രീസംരക്ഷണത്താല്‍ കൈവരുന്നത്

"പര്‍വ്വതങ്ങളെ ഈ ഭൂമിയുടെ ആണികളാക്കി നാം വച്ചിരിയ്ക്കുന്നു".

നമ്മുടെ മാറിയ ചിന്താ വ്യവസ്ഥിതിയില്‍ ഈ വചനത്തെ ശ്രദ്ധിച്ചാല്‍ നമ്മുടെ കുടുംബ-സമൂഹത്തിലും സമാന വാചകം അതു നമുക്കറിയാവുന്നതായിരുന്നിട്ടു കൂടി ഒന്നുംകൂടി ഓര്‍ക്കേണ്ടിയിരിയ്ക്കുന്നു.

"കുടുംബങ്ങളെ സമൂഹത്തിന്റെ ആണിക്കല്ലുകളായി നാം തീരുമാനിയ്ക്കണം".

പക്ഷേ നമ്മുടെ കുടുംബങ്ങളില്‍ അസ്വാരസ്യത്തിന്റെയും അസഹിഷ്ണുതയുടേയും ബദ്ധവൈരത്തിന്റെയും പര്യായങ്ങളയി നമ്മുടെ കുടുംബ ബന്ധങ്ങള്‍ മാറിക്കൊണ്ടിരിയ്ക്കുന്നു. പുരോഗതിയുടെ പാതയില്‍ അതിദ്രുതം മുന്നേറിക്കൊണ്ടിരിയ്ക്കുന്ന നാമോരോരുത്തരുടേയും കുടുംബങ്ങളിലെ ബന്ധ ശൈഥില്യവും ഒപ്പം വളരുന്നുണ്ടെന്ന് നമുക്ക് കാണാന്‍ കഴിയും.

ഇത് ഒരു സ്ത്രീപക്ഷ കുറിപ്പായി കാണരുതെന്നാണ് എന്റെ ആഗ്രഹം. പക്ഷം പിടിയ്ക്കുന്നതു തന്നെയാണു സ്ത്രീസമൂഹത്തിന്റെ പ്രധാന പ്രശ്നവും. സമൂഹത്തിലെ ഓരോ വ്യക്തികള്‍ക്കും തുല്യ പരിഗണന ലഭിയ്ക്കണം. അതു പുരുഷനെന്നോ സ്ത്രീയെന്നോ ഉള്ള വ്യത്യാസത്തോടെ ആവരുത്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനു കനിഞ്ഞു നല്‍കുന്ന ഔദാര്യം പോലെയാണ് പലപ്പോഴും പലതിനേയും നമുക്ക് അനുഭവപ്പെടുന്നത്. സംവരണംപോലെയുള്ള സംഗതികള്‍ അതില്‍നിന്നും ഉടലെടുത്തതാണെന്നാണ് എനിയ്ക്കു തോന്നുന്നത്. കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട വിധത്തില്‍ അല്ലെങ്കില്‍ പുരുഷന്റെ ആജ്ഞാനുവര്‍ത്തിയായി കഴിയേണ്ടവളാണു താനെന്ന മനോഭാവത്തില്‍ കഴിഞ്ഞുവന്ന ഒരു തലമുറയുടെ ഉപബോധ വിചിന്തനങ്ങളാവണം ഇപ്പോഴും ഈ അസ്ഥിരതയ്ക്കു കാരണം. പാരമ്പര്യമായി നമുക്കു കൈവരുന്നവയില്‍ നമ്മുടെ ഉപബോധ മനസ്സും ഉള്‍പ്പെടുന്നുണ്ടെന്നു ഞാന്‍ കരുതുന്നു. പഴയ തലമുറയില്‍ കുടുംബത്തിന്റെ അകത്തളങ്ങളില്‍ കൊട്ടിയടയ്ക്കപ്പെട്ട് പുരുഷന്മാരുടെ ആജ്ഞാനുവര്‍ത്തികളായും ആഗ്രഹപൂര്‍ത്തീകണ ഉപകരണമായും കഴിഞ്ഞുപോന്ന, അങ്ങനെമാത്രം ജീവിയ്ക്കുന്നതാണു സ്ത്രീസംസ്കാരമെന്നു വിശ്വസിച്ചിരുന്ന സ്ത്രീസമൂഹത്തിന്റെ ഉപബോധമനസ്സുകളില്‍ ഉണ്ടാക്കിയ പ്രോഗ്രാമുകള്‍ അനന്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. ഇന്നത്തെ കുടുംബങ്ങളിലെ അവരുടെ സ്വന്തം സ്ഥാനാവസ്ഥയുടെ കാരണങ്ങളും കുഴപ്പങ്ങളുമായി അവ പരിണമിയ്ക്കുന്നു.

സ്ത്രീസംരക്ഷണ നിയമം എന്ന പ്രായോഗം തന്നെ തെറ്റാണ്. സമൂഹത്തില്‍ സ്ത്രീയ്ക്കു മാത്രമായി ഒരു നിയമത്തിന്റെ ആവശ്യകത എനിയ്ക്കു മനസ്സിലാവുന്നില്ല. പുരുഷനും സ്ത്രീയുമില്ലാതെ എന്തു സമൂഹം ? സ്ത്രീസംരക്ഷണമെന്നു പറയുന്നതിലൂടെ സ്ത്രീകള്‍ സമൂഹത്തില്‍ അശരണരും ആലംബമറ്റവരും പുരുഷന്റെ സഹായംകൊണ്ടു മാത്രം ജീവിയ്ക്കേണ്ടവളുമാണെന്ന ഒരു സന്ദേശം പ്രചരിപ്പിയ്ക്കപ്പെടുന്നുണ്ട്. സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വിധത്തിലുള്ള സംസാരവും സംസ്‌കാരവും പ്രവൃത്തിയും മാറാനാണ് ഇവിടെ നിയമം വരേണ്ടത്. അല്ലാതെ സ്ത്രീയെ സംരക്ഷിയ്ക്കാനെന്ന വിധത്തില്‍ അവള്‍ പുരുഷനെക്കാള്‍ താഴേക്കിടയിലുള്ളവരാണെന്ന് പ്രചരിപ്പിയ്ക്കാനല്ല. സ്ത്രീയുടെ സംരക്ഷകരായി ചമയുന്നവര്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്. അവളുടെ അനന്ത തലമുറയില്‍ പുരുഷന്മാരുണ്ടാവും, യാത്ര ആ സ്ത്രീയില്‍ അവസാനിയ്ക്കുന്നില്ല. സമൂഹത്തിന്റെ മുഖ്യധാരകളിലേയ്ക്ക് സ്ത്രീകള്‍ എത്താന്‍ പ്രയാസപ്പെടുന്നതിന്റെയും എത്താതിരിയ്ക്കുന്നതിന്റെയും കാരണവും ഇതൊക്കെത്തന്നെയാണ്. പുരുഷന്മാരുടെ അധീനതയില്‍ മാത്രം ജീവീയ്ക്കേണ്ടവളാണെന്ന അവളുടെ വിശ്വാസവും അങ്ങനെതന്നെയാണു ജീവിയ്ക്കേണ്ടതെന്ന പുരുഷന്റെ ആഗ്രഹവും ഇതിന്റെ കാരണമായി നിലകൊള്ളുന്നു. ആ നിലയ്ക്കാണെങ്കില്‍ ഈ നിയമം ഉപയോഗപ്പെടുത്താമെന്നു മാത്രം.

ഒരു കുഞ്ഞിനു കളിപ്പാട്ടം വാങ്ങുന്നതു മുതല്‍ സ്ത്രീപുരുഷ വിവേചനം പ്രത്യക്ഷത്തില്‍ ആരംഭിയ്ക്കുന്നു. ഇതാവട്ടെ പരമ്പഗാതമായി നാം കണ്ടുവരുന്നതാണ്. കാറ്, തോക്ക് മുതലായ കളിപ്പാട്ടങ്ങള്‍ ആണ്‍കുട്ടികള്‍ക്കു വേണ്ടി നാം തെരഞ്ഞെടുക്കുമ്പോള്‍ പാചക സാമഗ്രികളും പാവക്കുട്ടിയും പെണ്‍കുഞ്ഞിനു നാം സമ്മാനിയ്ക്കുന്നു. സമൂഹത്തില്‍ സ്ത്രീയും പുരുഷനും തുല്യരല്ലെന്നും അങ്ങനെ ആവേണ്ടതില്ലെന്നും നമ്മുടെയൊക്കെ മനസ്സുകളില്‍ ആദ്യാക്ഷരി കുറിയ്ക്കുന്നതും അവിടെനിന്നുതന്നെ. അടുക്കളയും പരിസരങ്ങളും മാത്രം അവളുടെ മനസ്സില്‍ കുത്തി നിറയ്ക്കപ്പെടുമ്പോള്‍ വിശാലമായ ലോകമാണ് അവന്റെ മനസ്സില്‍ നിറയുന്നത്. ഈ വ്യത്യാസം ഒഴിവാക്കിയാല്‍ത്തന്നെ നമ്മുടെ സമൂഹത്തിന്റെ സ്വഭാവത്തില്‍ കാതലായ മാറ്റം വരും. കാരണം ഉപബോധ മനസ്സുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന പ്രോഗ്രാമുകളാണ് പില്‍ക്കാല ജീവിതത്തിനാധാരം.

അവളുടെ വളര്‍ച്ചാഘട്ടങ്ങള്‍ നോക്കൂ.., ഭീതിയുടെ നിഴലിലാണ് അവള്‍ വളരുന്നത്. " നീയൊരു പെണ്ണാ, അതോര്‍മ്മവേണം.." എന്നു പറയുമ്പോള്‍ത്തന്നെ പെണ്ണ് എന്നത് ഏതുനിമിഷവും അപകടം സംഭവിയ്ക്കാവുന്ന എന്തോ ഒന്നാണെന്ന, പുരുഷന്റേയും അവന്റെ സമൂഹത്തിന്റേയും കീഴില്‍മാത്രം കാലം നീക്കേണ്ടവളാണെന്ന ചിന്തകള്‍ വളര്‍ത്തുന്ന പ്രോഗ്രാമുകള്‍ക്ക് ഫലപ്രാപ്തിയുണ്ടാക്കുന്നു. ഫലമോ, പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു വിഭാഗമായി അവര്‍ വളര്‍ന്നു വരുന്നു. പുരുഷനു മാത്രം കഴിയുന്നവ സ്ത്രീകള്‍ മാത്രം ചെയ്യേണ്ടവ എന്നിങ്ങനെ വേര്‍തിരിച്ച് അവരുടെ പ്രവൃത്തികള്‍ മാറ്റപ്പെടുന്നു.

സാമൂഹിക സദസ്സുകളില്‍ പുരുഷനും സ്ത്രീയും ഒരുമിച്ചിരിയ്ക്കുന്നത് ഒരു മഹാപരാധമായി നാം കാണുന്നു. ഒരുമിച്ചൊരു ബസ്സില്‍ യാത്രചെയ്യേണ്ടിവരുമ്പോള്‍ സ്ത്രീയും പുരുഷനും പെരുമാറുന്നതെങ്ങനെയെന്ന് നാം നിത്യേന കാണുന്നതാണ്. ഒരേപദവിയില്‍ ജോലിചെയ്യുന്ന പുരുഷനും സ്ത്രീയും ഒരുമിച്ചൊരു വിവാഹത്തിനു ചെന്നാല്‍ പുരുഷന് ഉമ്മറത്ത് ഇരിപ്പിടം ലഭിയ്ക്കും. സ്ത്രീയോട് അകത്തേയ്ക്കു പോയ്‌ക്കൊള്ളാന്‍ അനുഭാവപൂര്‍വ്വം പറയും, കാരണം അവളുടെ സ്ഥാനം അടുക്കളയാണല്ലോ ! ഒരേ ക്ഷണം കിട്ടി ഒരേസ്ഥലത്തു വന്നവര്‍ക്ക് രണ്ടു സ്ഥാനം കല്‍പ്പിച്ചുകൊടുക്കുന്നതിലെ ഉദാത്തന്യായമെന്താണെന്ന് എനിയ്ക്കു മനസ്സിലാവുന്നില്ല. അവള്‍ ഉമ്മറത്തിരുന്നാല്‍ എന്താണു സംഭവിയ്ക്കുക? ഈ വിവേചനം അറിയാതെയെങ്കിലും സ്ത്രീസമൂഹത്തിന്റെ ഘാതകരാവുന്നുണ്ടെന്ന് ആലോചിച്ചാല്‍ മനസ്സിലാവും. കാണുന്നിടെത്തെല്ലാം സ്ത്രീ പീഡിപ്പിയ്ക്കപെടുന്നത് ഈ വിവേചനം വികലമനസ്സുകളിലുണ്ടാക്കിയ വിശ്വാസങ്ങള്‍ കാരണമാണ്. വെറും ലൈംഗികോപകരണം മാത്രമായി സ്ത്രീയെ മനസ്സിലാക്കുന്നതിലെ ഗുരുതരമായ പരിണിത ഫലങ്ങളാണ്. സംസാരത്തിലും സ്വഭാവത്തിലുമെല്ലാം നമ്മള്‍, വ്യത്യസ്ഥ പ്രോഗ്രാമുകള്‍ നിറച്ചു വളര്‍ത്തിവരുന്ന സമൂഹമാണിവിടെ പ്രവര്‍ത്തിയ്ക്കുന്നതെന്ന് നമുക്കു മനസ്സിലാക്കാം.

തെറ്റുചെയ്യപ്പെടുന്ന സമൂഹത്തില്‍ പുരുഷനും സ്ത്രീയും തുല്യ പങ്കാളികളാണെന്നിരിക്കെ സ്ത്രീയ്‌ക്കുമാത്രം കന്യകാത്വവും പവിത്രതയും സൂക്ഷിക്കാനുള്ള ബാധ്യത കല്പിച്ചുകൊടുത്തതും വിചിത്രമായ സംഗതിയാണ്. പുരുഷന്റെ സത്യസന്ധത അളക്കാന്‍ അളവുകോകില്ലാത്തത് അവരുടെ ഭാഗ്യമായി പുരുഷന്മാര്‍ കരുതുന്നു. ഗര്‍ഭം എന്നത് സ്ത്രീയുടെ അവകാശമായതും അത് സ്ത്രീയില്‍ മാത്രം സംഭവിക്കുന്നതും മാത്രമാണ് ഇന്ന് സ്ത്രീയുടെ മുഖ്യ പ്രശ്നമായി കാണുന്നത്. പുരുഷന്‍ തെറ്റു ചെയ്താലും അതിന്റെ ശിഷ്ടം പേറേണ്ടിവരുന്നത് സ്ത്രീ തന്നെയാണ് എന്നതാണ് പുരുഷന്മാരെ സ്ത്രീകളുടെ അധിപന്മാരായി ചിത്രീകരിയ്ക്കാന്‍ കാരണമായി ഇവിടെ കണ്ടെത്താന്‍ കഴിയുന്നത്. സമൂഹം പുരുഷന്റെ തെറ്റിനെ കശാപ്പുചെയ്യുന്നതു കാണാന്‍ ഒരുപാട് അലയേണ്ടി വരും, ചിലപ്പോഴെങ്കിലും അതു കാണാനും കഴിഞ്ഞെന്നു വരില്ല.

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേയുമൊക്കെ കൊടുക്കല്‍-വാങ്ങലാണു ജീവിതം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കടം കൊടുക്കലും വാങ്ങലുമാണ് യഥാര്‍ത്ഥ ജീവിതം. മക്കള്‍, മാതാപിതാക്കള്‍, മറ്റുള്ളവര്‍ തുടങ്ങി കൊടുക്കല്‍ വാങ്ങല്‍ നടത്തുന്ന കുടുംബങ്ങളില്‍ ശാന്തി വിളയും. സ്ത്രീയും പുരുഷനും ഒരേചിറകില്‍ പറക്കുമ്പോള്‍ ആ കുടുംബം സന്തുഷ്ടികൊണ്ടു നിറയും. സ്ത്രീ-പുരുഷ വിവേചനം നടക്കുന്ന കുടുംബങ്ങളിലാണ് അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നതും അതു കുടുംബത്തെ തകര്‍ത്തുകളയുന്നതും. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ വളര്‍ന്നു ജീവിച്ചു ചിന്തിച്ചു പ്രവര്‍ത്തിയ്ക്കുന്ന ഒരു സമൂഹത്തിലേ സൌമ്യമാര്‍ക്കു രക്ഷയുള്ളൂ. അങ്ങനെയുള്ള സമൂഹത്തില്‍ സൌമ്യമാര്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാന് കഴിയും.

Monday

വില്‍പ്പനച്ചരക്ക്

മലയാള സാഹിത്യത്തിനും വായനയ്ക്കും വംശനാശം സംഭവിയ്ക്കുന്നുവെന്നാരു പറഞ്ഞു? വായിച്ചില്ലെങ്കിലും വാങ്ങിപ്പിയ്ക്കാന്‍ എന്തെല്ലാം വഴികള്‍ ! സ്ത്രീയെ ആഭാസകരമായി ചിത്രീകരിച്ച പുറം ചട്ടയുണ്ടെങ്കില്‍ മലയാള സാഹിത്യത്തിനു വിലകൂടുമെന്നായിരിയ്ക്കും... അല്ലെങ്കില്‍ നിലവാരം കൂടുമെന്നായിരിയ്ക്കും ! ഇത്തരത്തിലുള്ള പ്രതിഭാധനന്മാരായ എഴുത്തുകാരും അവരുടെ കൃതികള്‍ ഇവ്വിധത്തില്‍ പ്രസിദ്ധീകരിക്കുന്ന സംസ്കാര പ്രചാരകരും നീണാള്‍ വാഴട്ടെ.....

മലപ്പുറത്തു മാതൃഭൂമി സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനത്തില്‍ നിന്നുള്ള നാലു ചിത്രങ്ങളാണു താഴെ ചേര്‍ത്തിരിയ്ക്കുന്നത്. മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇവ എത്രകണ്ടു ഫലപ്രദമാകുമെന്നു നിങ്ങള്‍ തീരുമാനിയ്ക്കൂ.










Sunday

ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ (4)

കലാപം വിട്ട് സ്ഫോടനങ്ങളിലേയ്ക്ക്

സ്വാമിനി പ്രജ്ഞാസിംഗ്, അസിമാനന്ദ സ്വാമികള്‍, സ്വാമി ദയാനന്ദ് പാണ്ഡെ തുടങ്ങിയ പുലിക്കുട്ടികളുടെ തനിനിറം പുറത്തുവന്നതിനു ശേഷം കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് അവധിയുണ്ടായിരിയ്ക്കുന്നു എന്നത് നമുക്ക് ആശ്വാസം നല്‍ക്കുന്നു. ഭീകരവാദത്തിന്റെ സൃഷ്ടക്കളായി സംഘപരിവാരത്തെ അറിയപ്പെടാന്‍ തുടങ്ങിയ കാലത്തുതന്നെ അബ്ദുന്നാസര്‍ മദനിയുടെ കട്ടേംപടവും മടങ്ങിയിരുന്നു. മാധ്യമങ്ങള്‍ക്ക് ചിരപരിചിതമായ വ്യക്തിത്വത്തെ ഭീകരനെന്നു മുദ്രകുത്തി സമൂഹമദ്ധ്യത്തിലേയ്ക്കിട്ടുകൊടുത്താല്‍ സംഘപരിവാരത്തിന്റെ മുഖത്തിനേറ്റ മങ്ങലിന് തല്‍ക്കാല ശാന്തിയെങ്കിലും കിട്ടുമെന്നവര്‍ക്കറിയാം. അതിനു വേണ്ടുന്ന വിധത്തില്‍ തെളിവുകളും സാക്ഷികളും നിര്‍മ്മിയ്കപ്പെട്ടതിനു ശേഷമാണ് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടിരിയ്ക്കുന്നത്.

മക്കാ‍ മസ്ജിദ്, മാലേഗാവ്, സംഝോത എക്സ്പ്രസ്, ഹൈദരാബാദ് മുതലായവയാണല്ലോ ആര്‍ എസ് എസ്, സംഘപരിവാരങ്ങള്‍ക്ക് അവകാശം തീറെഴുതിക്കൊടുത്ത സ്ഫോടനങ്ങള്‍. ഇപ്പോള്‍ മഹ്‌റോളി സ്ഫോടനവും അവര്‍ക്കവകാശപ്പെട്ടതാകുന്നുവെന്നാണ് അവസാനമായി കേള്‍ക്കുന്നത്. പഹാഡ് ഗഞ്ച്, മുംബൈ ട്രയിന്‍, സരോജിനി നഗര്‍ മുതലായവ മുസ്ലിം തീവ്രവാദികളുടേതായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അന്വേഷണം ശരിയായ വിധത്തില്‍ മുന്നോട്ടുപോയാല്‍ അവകാശികള്‍ മാറാനും സാധ്യതയുണ്ട്. തെളിവുകള്‍ അവശേഷിപ്പിയ്കാതെ സൂക്ഷിയ്ക്കാന്‍ ഇപ്പോള്‍ പരിവാരങ്ങള്‍ അങ്ങേയറ്റം ശ്രദ്ധിയ്ക്കുന്നുണ്ട്. തെളിവു നശിപ്പിയ്ക്കലിന്റെ ഭാഗമായി സുനില്‍ ജോഷിയെന്ന ഭീകരനെ ആര്‍ എസ് എസ്സുതന്നെ തട്ടിക്കളഞ്ഞ കേസ് ഇപ്പോള്‍ എന്‍ ഐ എ അന്വേഷിയ്ക്കുന്നുണ്ട്. ഐ എസ് ഐയില്‍നിന്ന് കോടിക്കണക്കിനു രൂപ കൈപ്പറ്റിയ ആര്‍ എസ് എസ് നേതാവായ ഇന്ദ്രേഷ് കുമാറിനെപ്പറ്റി ഇപ്പോള്‍ വിവരമില്ല. അയാളും തെളിവു നശിപ്പിയ്ക്കലിന്റെ ഭാഗമായി നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ടാവാം.

ബി ജെ പിയും അനുബന്ധ സംഘടനകളും ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലെ പ്രത്യേക ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്ക് ഇടയ്ക്കിടെ എഫ് ബി ഐ പരിശീലനങ്ങള്‍ കൊടുക്കുന്നുണ്ട്. ഇസ്രായേലിലേയ്ക്ക് കൊല്ലം തോറും പരിശീലനത്തിനു പോകുന്ന ഉദ്യോഗസ്ഥര്‍ വേറെ. പക്ഷേ ഇവയെല്ലാം എന്തിനു വേണ്ടിയണു പ്രയോജനപ്പെടുന്നതെന്ന് ചിന്തിയ്ക്കേണ്ട സമയം കഴിഞ്ഞെന്നാണ് എനിയ്ക്കു തോന്നുന്നത്. ഇത്തരം പരിശീലനങ്ങള്‍ നേടിയ ഈ ഉദ്യോഗ വൃന്ദങ്ങള്‍ എത്ര ഭീകരക്രമണങ്ങളെ മുന്‍‌കൂട്ടിക്കണ്ടു പരാജയപ്പെടുത്തിയെന്നു ചോദിയ്ക്കരുത്. ഇവയെല്ലാം ഭരണതലങ്ങളില്‍ വിലസി നടക്കുന്ന മറ്റു രാഷ്ട്രീയ മേലാളന്മാരും അറിഞ്ഞുതന്നെ കളിയ്ക്കുന്നതാണ്. ആണവബില്ലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ബി ജെ പി ധാരണ വന്നതോടെ ഇതു സ്ഥിരീകരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. മോഡിയെ കേസില്‍നിന്നൊഴിവാക്കിയാല്‍ ബില്ലിനെ പിന്‍‌തുണയ്ക്കാമെന്ന മോഹന വാഗ്ദാനത്തില്‍ മുങ്ങി കോണ്‍ഗ്രസ്സും ഭീകരവാദത്തെ തുണയ്ക്കുന്ന കാര്യത്തില്‍ തങ്ങളുടേതായ കഴിവ് ഒന്നുകൂടി തെളിയിച്ചിരിയ്ക്കുന്നു. ബാബരി മസ്ജിദ് തകര്‍ക്കുന്ന കാര്യത്തില്‍ ഒരു കൂട്ടുകെട്ട് മുമ്പുണ്ടായത് ഇത്തരുണത്തില്‍ ഓര്‍ക്കുക.

ഇന്റലിജന്‍സ് ബ്യൂറോയും ഇക്കാര്യത്തില്‍ മുഖ്യപങ്കു വഹിയ്ക്കുന്നുണ്ട്. ഒരിരയെ സൃഷ്ടിച്ച് ആ ഇരയ്ക്ക് സര്‍വ്വവിധത്തിലുള്ള ഭീകര രൂപഭാവങ്ങളും കല്‍പ്പിച്ചു കൊടുത്ത് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി ആ ഇരയുടെ മേല്‍ ജനങ്ങളുടെ വെറുപ്പും വിദ്വേഷവും ഉണ്ടാക്കി ലാഭം കൊയ്യാനുള്ള ആസൂത്രിത നീക്കം നടത്തുന്നതില്‍ അവര്‍ വിജയം കാണുന്നുണ്ട്.

മുമ്പ് കലാപങ്ങളായിരുന്നു പരിവാരത്തിന്റെ ഫാഷന്‍. വംശീയ ഉല്‍മൂലനം തന്നെയായിരുന്നു ഉദ്ദേശലക്ഷ്യം. ഒരു പ്രത്യേക സമൂഹത്തെ പ്രത്യേക മേഖലയില്‍നിന്ന് നിഷ്കാസനം ചെയ്യാനുള്ള കലാപങ്ങള്‍. ബീവണ്ഡി, അലീഗഡ്, ജംഷഡ് പൂര്‍, മീററ്റ്, ഭഗത്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആയിരങ്ങളുടെ ജീവന്‍ നശിപ്പിച്ച് അവര്‍ ഇതു നടപ്പിലാക്കിക്കാണിച്ചിട്ടുണ്ട്. ഇവയില്‍ അവസാനത്തേതായിരുന്നു ഗുജറാത്ത് കലാപം. ഇത്തരത്തിലുള്ള കലാപങ്ങള്‍ ഈ കലാപത്തിനു ശേഷം ഉണ്ടായിട്ടില്ല. ഇതിനെ ചാനലുകളുടെ അതിപ്രസരങ്ങള്‍ ഉണ്ടായതിനു ശേഷമുണ്ടായ ആദ്യത്തെ കലാപമെന്നു പറയാം. ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങളും അനന്തര ഫലങ്ങളും ചാനലുകളിലൂടെ ലോക സമൂഹം കണ്ടപ്പോള്‍ സംഘപരിവാറിന്റെയും ആര്‍ എസ്സ് എസ്സിന്റെയും മുഖച്ഛായയ്ക്ക് തെല്ലൊന്നുമല്ല ഇടിവു വന്നത്. അതുകൊണ്ടാവണം കലാപങ്ങള്‍ വിട്ട് ആസൂത്രിത സ്ഫോടനങ്ങള്‍ തെരഞ്ഞെടുക്കുന്നത്.

ഒരു നിരപരാധി രക്ഷപ്പെട്ടു.

കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് നാടുവിട്ട് കുമളിയിലെത്തി കരകൌശല വ്യാപാര സ്ഥാപനത്തില്‍ ജോലിയെടുത്തു കഴിഞ്ഞിരുന്ന അല്‍ത്താഫ് അഹമ്മദ് ഖാന്‍ എന്ന മുപ്പത്തെട്ടുകാരന് ഒടുവില്‍ നീതി ലഭിച്ചിരിയ്ക്കുന്നു. ഹിസ്ബുള്‍ മുജാഹിദീന്റെ പ്രവര്‍ത്തകനായി ചിത്രീകരിച്ച് കുമളിയില്‍ ഒളിവില്‍ കഴിയുകയാണെന്ന കള്ളക്കഥയുണ്ടാക്കി ഇല്ലാത്ത കുറ്റങ്ങള്‍ ചാര്‍ജ്ജുഷീറ്റില്‍ നിറച്ച് അദ്ദേഹത്തെ പൊലീസ് സല്‍ക്കരിച്ചു. അല്‍ത്താഫിനെ തീവ്രവദിയായി ചിത്രീകരിയ്ക്കാന്‍ മലയാളത്തിലെ ചില മുഖ്യധാരാ മാധ്യമങ്ങളും ഉത്സാഹിച്ചിരുന്നു. അല്‍ത്താഫ് ബാംഗ്ലൂരിലെത്തി തന്റെ മുഖം പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രൂപം മാറ്റിയെന്നുവരെ അവര്‍ പ്രചരിപ്പിച്ചു. കാശ്മീരികള്‍ മുഴുവന്‍ തീവ്രവാദികളാണെന്ന കാഴ്ചപ്പാടിന് മാറ്റമുണ്ടായില്ലെങ്കില്‍ ഇനിയും പുതിയ അല്‍ത്താഫുമാര്‍ ഉണ്ടായിക്കൊണ്ടേയിരിയ്ക്കും.

(തുടരും)

Thursday

വിതരണ വൈശിഷ്ട്യം

ഭക്ഷണക്കാര്യത്തില്‍ ഒരുഗതിയും പരഗതിയുമില്ലാത്ത ഇന്ത്യയിലെ നാല്‍പ്പത്തഞ്ചുകോടിയിലധികം വരുന്ന പട്ടിണിപ്പാവങ്ങളുടെ കണ്ണുകളെ ചൂഴ്‌ന്നുകൊല്ലുന്ന കാഴ്ചകള്‍ക്ക് അറുതിയുണ്ടാക്കില്ലെന്നു വിളിച്ചു പറയുന്നതില്‍ നമ്മുടെ രാജ്യത്തെ ഭക്ഷ്യ പൊതുമേഖലാ സ്ഥാപനങ്ങളും ഭരണാധികാരികളും ഒരിയ്ക്കല്‍ക്കൂടി വിജയിച്ചിരിയ്ക്കുന്നു. വിലക്കയറ്റം വിഷമിപ്പിയ്ക്കുന്ന പാവങ്ങളുടെ നാട്ടില്‍ ചീഞ്ഞു കേടായ ഭക്ഷ്യ ധാന്യത്തിന്റെ അളവുകേട്ടാല്‍ ഇന്ത്യയില്‍ ഒരു പൊതുവിതരണ സമ്പ്രദായം നിലവിലുണ്ടോയെന്നു സംശയിച്ചുപോകും. രാജ്യത്തെ ഒന്നരക്കോടി ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തിലധികം സുഭിക്ഷമായി ഭക്ഷിയ്ക്കാമായിരുന്ന നൂറ്റി‌എണ്‍പതുലക്ഷം ടണ്‍ ഭക്ഷ്യധാന്യം കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സര്‍ക്കാര്‍‌ ഗോഡൌണുകളില്‍ ചീഞ്ഞു നശിച്ചതായി കണ്ടെത്തിയിരിയ്ക്കുന്നു. ഒരു നേരത്തെ ഭക്ഷണം‌പോലും നേരേ ലഭിയ്ക്കാത്ത പാവങ്ങള്‍ക്ക് ഇതു സമയത്തിനു വിതരണം ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. മതിയായ സംരക്ഷണം ഇല്ലാത്ത കാരണത്താല്‍ ഈ വര്‍ഷവും ഭീമമായ അളവില്‍ ഭക്ഷ്യധാന്യം കേടുവരുമെന്ന് എഫ്‌സി‌ഐ അറിയിച്ചിരിയ്ക്കുന്നു. കാലിത്തീറ്റയ്ക്കുപോലും ഉപയോഗിയ്ക്കാന്‍ കഴിയാതെ കുഴിച്ചുമൂടിയ ഭക്ഷ്യധാന്യത്തിന്റെ വിശദ വിവരങ്ങള്‍ നമ്മെ ഞെട്ടിപ്പിയ്ക്കുന്ന വിധത്തിലുള്ളതാണ്.

നെല്ലും അരിയും ഗോതമ്പും ചോളവുമുള്‍പ്പടെ 61,000 ടണ്‍ ഭക്ഷ്യധാന്യം ഈ വര്‍ഷവും ഇതിനകം തന്നെ ചീഞ്ഞുനശിച്ചു കഴിഞ്ഞുവത്രെ. ടാര്‍പോളിന്‍ പോലും മൂടാതെ വെയിലും മഴയുമേറ്റ് പഞ്ചാബിലെ എഫ്‌സി‌ഐ ഗോഡൌണുകളില്‍ കിടക്കുന്ന ഭക്ഷ്യ ധാന്യങ്ങല്‍ പുഴുതിന്നും ചിഞ്ഞും നശിച്ചുകഴിഞ്ഞു. കേടുവരുന്നതിനുമുമ്പ് പരമാവധി വിലകുറച്ച് ഇതു വിതരണം ചെയ്തിരുന്നെങ്കില്‍ രാജ്യത്തെ ഭക്ഷ്യ പ്രതിസന്ധിയ്ക്ക് അല്‍പ്പമെങ്കിലും കുറവു കണ്ടേനെ. നിര്‍ഭാഗ്യവശാല്‍ അങ്ങനെ വിതരണം നടത്താനുള്ള എഫ്‌സി‌ഐയുടെ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ലോകത്തെ പട്ടിണിപ്പാവങ്ങളില്‍ പകുതിയും ഇന്ത്യയിലാണെന്നാണു കാഴ്ചപ്പാട്. കാര്യങ്ങള്‍ അങ്ങനെയായിരിയ്ക്കെ ഭക്ഷ്യധാന്യം ഇങ്ങനെ കേടുവന്നു നശിയ്ക്കുന്നതില്‍ സര്‍ക്കാരിനെ അഭിനന്ദിയ്ക്കാതെ വയ്യ. വിലക്കയറ്റത്തിനെതിരേ ശബ്ദമുയര്‍ത്തുന്നവരുടെ ശ്രദ്ധ ഈ ദിശയിലേയ്ക്കു കൂടി സഞ്ചരിയ്ക്കേണ്ടിയിരിയ്ക്കുന്നു. വളരെ ശക്തമായിത്തന്നെ പ്രതികരിയ്ക്കേണ്ടിയിരിയ്ക്കുന്നു. വെറുതേ നശിച്ചുപോകുന്ന ഭക്ഷ്യധാന്യം പാവങ്ങള്‍ക്കു വിതരണം നടത്തുന്നതിനു പ്രവര്‍ത്തനങ്ങളുണ്ടാവണം. ഒരുവശത്തു വിശപ്പിന്റെ വിളിയുയരുമ്പോള്‍ മറുഭാഗത്ത് ഭക്ഷണം നശിയ്ക്കുന്ന അവസ്ഥ അത്യന്തം സങ്കടകരമാണ്. പോഷകാഹാരം അന്യമായ ജനവിഭാഗങ്ങളില്‍ ഇരുപതു ശതമാനവും ഇന്ത്യയിലാണെന്നത് ഓര്‍ക്കണം. മാത്രമല്ല, ആ വിഭാഗത്തിലെ 43% കുട്ടികളും ഇന്ത്യയില്‍ത്തന്നെയാണ്. അതുകൊണ്ടുതന്നെ ഭക്ഷ്യധാന്യം ഇങ്ങനെ നശിയ്ക്കുന്നതിനു എന്തുകാരണം പറഞ്ഞാലും അതിനെ ന്യായികരിയ്ക്കാനാവില്ല. രാജ്യത്തെ ജനങ്ങള്‍ക്കു ഭക്ഷണം എത്തിയ്ക്കേണ്ട ബാധ്യത ഭരണാധികാരികള്‍ക്കു തന്നെയാണ്. അതു നശിയ്ക്കാതെ സൂക്ഷിയ്ക്കലും അവരുടെ ബാധ്യതയാണ്. നാലുപേരറിയുമ്പോള്‍ രണ്ടാളെ സസ്പെന്റുചെയ്ത് മാനം കാക്കാന്‍ ശ്രമിയ്ക്കുന്ന നടപടികള്‍ മലര്‍ന്നുകിടന്നു തുപ്പുന്നതിനു സമമാണ്.

പഞ്ചാബിലെ ജലന്തറില്‍ എഫ്‌സി‌ഐ ഗോഡൌണില്‍ മഴയും വെയിലുമേറ്റു നശിയ്ക്കുന്ന ഗോതമ്പു ചാക്കുകള്‍. (ചിത്രം മാധ്യമത്തില്‍ നിന്ന്)

രാജ്യത്തെ അഞ്ചു മേഖലകളിലായി 257 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംവിധാനം എഫ്‌സി‌ഐയ്ക്കുണ്ട്. പലയിടത്തും സംഭരണശേഷി കവിഞ്ഞിട്ടില്ലെന്നതാണു സത്യവും. ഭക്ഷ്യധാന്യത്തിന്റെ കാര്യത്തില്‍ ഇത്രയധികം കരുതല്‍ ശേഖരം നമുക്കുണ്ടായിരിയ്ക്കെ എത്രയും പെട്ടെന്ന് അര്‍ഹതയുള്ളവര്‍ക്കു വിതരണം ചെയ്യാന്‍ എന്തിനു മടിയ്ക്കണം? ലോകത്തിലെ ഏറ്റവും വലുതെന്നവകാശപ്പെടുന്ന നമ്മുടെ രാജ്യത്തിന്റെ പൊതുവിതരണ രംഗത്തിന്റെ ഭാഗമായ റേഷന്‍ കടകളുടെ ഇന്നത്തെ ശോചനീയമാ‍യ സ്ഥിതിയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസം സംഭവിയ്ക്കുമെങ്കില്‍ അതു സംഭവിയ്ക്കട്ടെ. ഇങ്ങനെ അറുത്തകൈയ്ക്ക് ഉപ്പിടാത്ത പുണ്യവാളന്മാരായി നമ്മുടെ ഭരണ വിതരണ സംവിധാനം തുടരുന്നത് അപമാനം തന്നെയാണ്. ഭക്ഷണത്തെ ദൈവത്തിനു സമം നിര്‍ത്തുന്ന സമൂഹത്തില്‍ തന്നെ ഇങ്ങനെ സംഭവിയ്ക്കുന്നതാണ് അത്ഭുതം!

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes